സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇ‌ർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കൊയിലാണ്ടിയിൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു . ജൂലൈ പതിനേഴിന് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മറ്റൊരു യുവാവിന്റെതെന്ന് കരുതി സംസ്കരിച്ചിരുന്നു. ഇതിനു മുമ്പ് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിരുന്നു. ഈ ഡിഎൻഎയുമായി ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് മരണം സ്ഥിരീകരിച്ചത്.

ജൂലൈ ആറിന് തട്ടിക്കൊണ്ടുപോയ ഇർഷാദിനെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താത്തതിന് ഇടയിലാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങൾ പിടിയിലായത് . ഇവരിൽ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇന്നലെ അറസ്റ്റിലായ വൈത്തിരി സ്വദേശി ഷെഹീൽ, കല്‍പ്പറ്റ സ്വദേശി ജിനാഫ്, സജീർ എന്നിവരിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇര്‍ഷാദ് പുഴയില്‍ ചാടിയെന്ന് അറസ്റ്റിലായവർ മൊഴി നൽകിയിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലു പേരാണ് ഇതുവരെ അറസ്റ്റിലായത്. താമരശ്ശേരി സ്വദേശിയായ 916 നാസർ എന്ന വ്യക്തിയാണ് ഇതിന്റെ സൂത്രധാരൻ എന്നാണ് പൊലീസിന്റെ നിഗമനം. ഇയാൾ വിദേശത്താണ് കഴിയുന്നത് . പിണറായി സ്വദേശി മുര്‍ഷിദാണ് ഈ കേസിൽ ആദ്യം അറസ്റ്റിലായത്. ഇയാൾ നൽകിയ മൊഴിയനുസരിച്ചാണ് ശേഷിച്ചവരെ പോലീസ് പിടികൂടിയത്.

Leave A Reply