ഗുജറാത്തിലെ ധരംപൂരിൽ ശ്രീമദ് രാജ്‌ചന്ദ്ര മിഷന്റെ വിവിധ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു

ഗുജറാത്തിലെ വൽസാദ് ജില്ലയിലെ ധരംപൂരിൽ ശ്രീമദ് രാജ്ചന്ദ്ര മിഷന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ നിർവഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, സ്ത്രീകൾക്കും സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്കും മികച്ച സേവനമാണ് ആശുപത്രിപദ്ധതികൾ നൽകുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ശ്രീമദ്  രാജ്ചന്ദ്ര മിഷന്റെ നിശബ്ദമായ സേവനമനോഭാവത്തെ അദ്ദേഹം അഭിനന്ദിച്ചു.

മിഷനുമായുള്ള തന്റെ ദീർഘകാല ബന്ധത്തെ അനുസ്മരിച്ച്, സേവനരംഗത്തെ അവരുടെ നേട്ടങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ‘ആസാദി കാ അമൃത് മഹോത്സവ്’ വേളയിലെ ഈ കർത്തവ്യമനോഭാവം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഗ്രാമീണ ആരോഗ്യമേഖലയിൽ ബഹുമാന്യനായ ഗുരുദേവിന്റെ നേതൃത്വത്തിൽ ശ്രീമദ് രാജ്ചന്ദ്ര മിഷൻ നടത്തുന്ന പ്രശംസനീയമായ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. പാവപ്പെട്ടവരുടെ സേവനത്തിനായുള്ള മിഷന്റെ പ്രതിബദ്ധതയ്ക്കു പുതിയ ആശുപത്രി കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ആശുപത്രിയും ഗവേഷണ കേന്ദ്രവും താങ്ങാനാകുന്ന ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ഏവർക്കും പ്രാപ്യമാക്കും. ‘അമൃതകാലത്ത്’ ആരോഗ്യകരമായ ഇന്ത്യ എന്ന കാഴ്ചപ്പാടിന് ഇതു ശക്തിപകരും. ആരോഗ്യപരിപാലനരംഗത്തു ‘സബ്കാ പ്രയാസ്’ (കൂട്ടായ പരിശ്രമം) എന്ന മനോഭാവത്തിന് ഇതു കരുത്തുപകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ അടിമത്തത്തിൽ നിന്നു കരകയറ്റാൻ പരിശ്രമിച്ച ഭാരതത്തിന്റെ മക്കളെ ‘ആസാദി കാ അമൃത് മഹോത്സവ്’ വേളയിൽ രാജ്യം അനുസ്മരിക്കുകയാണെന്നു പ്രധാനമന്ത്രി ആവർത്തിച്ചു. രാജ്യചരിത്രത്തിന്റെ ഭാഗമായ മഹത്തായ സംഭാവന നൽകിയ സന്ന്യാസിയായിരുന്നു ശ്രീമദ് രാജ്ചന്ദ്രയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീമദ് രാജ്ചന്ദ്രയോടുള്ള മഹാത്മാഗാന്ധിയുടെ ആരാധനയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ശ്രീമദിന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുന്നതിനു ശ്രീ രാകേഷിന് അദ്ദേഹം നന്ദി അറിയിച്ചു.

Leave A Reply