ഗുണ്ടാ നിയമപ്രകാരം നാടുകടത്തിയയാൾ വീട്ടിലെത്തി; അറസ്റ്റ് ചെയ്ത് പോലീസ്

കിഴക്കേകല്ലട: ഗുണ്ടാ നിയമപ്രകാരം നാടുകടത്തിയ ആൾ നാട്ടിലെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത പോലീസ്. കിഴക്കേകല്ലട ജയന്തി കോളനിയിൽ പഴയാർ സച്ചിൻ നിവാസിൽ സൗരവ് (21) ആണ് പോലീസിന്റെ പിടിയിലായത്.വീടുകയറി ആക്രമിച്ച് വീട്ടമ്മയെയും ഭർത്താവിനെയും മർദിച്ച കേസ്, കഞ്ചാവ് വിതരണം നടത്തിയത് ചോദ്യംചെയ്ത പൊതുപ്രവർത്തകനെ ഗുരുതരമായി പരിക്കേൽപിക്കൽ,അയൽവാസിയെ വീട്ടിൽ കയറി മർദിച്ചത്, വഴിയാത്രക്കാരനെ കൂട്ടാളികളുമായി ചേർന്ന് മർദിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സൗരവ്.

നല്ലനടപ്പിനായി കൊല്ലം അർഡിഒ മുമ്പാകെ ബോണ്ടും വെച്ചിരുന്നു. ഇയാളുടെ പ്രവൃത്തി ജനങളുടെ സമാധാന ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്നും അക്രമങ്ങൾ തടയാൻ ഇയാളെ നാടുകടത്തണമെന്നും ശാസ്താംകോട്ട ഡിവൈഎസ്പി ജില്ല പൊലീസ് മേധാവി മുഖേന റിപ്പോർട്ട്‌ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ .തിരുവനന്തപുരം റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ആർ. നിശാന്തിനി സൗരവ് ജില്ലയിൽ പ്രവേശിക്കുന്നത് നിരോധിച്ച് ഉത്തരവായിരുന്നു.

ഈ ഉത്തരവ് ലംഘിച്ച് ഇയാൾ കല്ലടയിലെ വീട്ടിലെത്തിയ വിവരം പൊലീസിന് ലഭിച്ചതിനെ തുടർന്ന് ഈസ്റ്റ്‌ കല്ലട എസ്.ഐ അനീഷിന്‍റെ ന്വേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Leave A Reply