ആലപ്പുഴ: കഞ്ചാവ് കൈവശം വച്ചിരുന്ന മൂന്ന് യുവാക്കള്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്ന് പിടിയില്‍ . വാടയ്ക്കല്‍ പാല്യതയ്യില്‍ മിഥുന് (24), വാടയ്ക്കല്‍ വെള്ളപ്പനാട് ബെന്‍സണ്‍ (23), വണ്ടാനം അനന്ദകൃഷ്ണന് (24) എന്നിവരാണ് ഒന്നരകിലോ കഞ്ചാവുമായി പിടിയിലായത്. ധൻബാദ് ട്രെയിനിൽ ഒഡീഷയിൽ നിന്ന് ആലപ്പുഴയിൽ വന്നിറങ്ങി ബസ് കാത്തു നിൽക്കുമ്പോഴാണ് ഇവർ പൊലീസിന്റെ പിടിയിലായത്.
കേരളത്തിന് പുറത്ത് വെൽഡിംഗ് ജോലിക്ക് എന്ന് പറഞ്ഞ് പോയി ഒരു മാസത്തോളം താമസിച്ച് അവിടെ നിന്നും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുകയാണ് പ്രതികൾ ചെയ്തു വന്നിരുന്നത്. ഇവർ ലഹരി കടത്തിന് ആദ്യമായാണ് പിടിയിലാകുന്നത്. ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് ക്വട്ടേഷൻ സംഘങ്ങൾ വ്യാപകമായി ലഹരി വ്യാപാരം നടത്തുന്നുവെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.