തൊഴിലിടങ്ങളിലെ വനിതാ ജീവനക്കാരുടെ പ്രശ്നങ്ങൾ: ഇടപെടുമെന്ന് വനിതാ കമ്മിഷൻ; 38 കേസ് തീർപ്പാക്കി

കോട്ടയം: തൊഴിലിടങ്ങളിൽ വനിതാ ജീവനക്കാർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് സംസ്ഥാന വനിതാകമ്മീഷനംഗം ഇ.എം. രാധ പറഞ്ഞു. കോട്ടയം പൊൻകുന്നം വർക്കി സ്മാരക ഹാളിൽ നടന്ന കേരള വനിതാ കമ്മീഷൻ അദാലത്തിൽ പരാതികൾ പരിഗണിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ.

കെ.എസ്.ആർ.ടി.സിയിൽ വനിതാ ജീവനക്കാർക്ക് പലവിധത്തിലുള്ള പ്രതിസന്ധി നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് കെ.എസ്.ആർ.ടി.സി. സി.എം.ഡിക്ക് റിപ്പോർട്ട് നൽകുമെന്നും കമ്മീഷൻ വ്യക്തമാക്കി. അദാലത്തിൽ പരിഗണിച്ച 100 പരാതികളിൽ 38 എണ്ണം തീർപ്പാക്കി. നാല് പരാതി പൊലീസ് റിപ്പോർട്ടിനായി അയച്ചു. 58 പരാതി സെപ്റ്റംബർ രണ്ടിന് നടക്കുന്ന അദാലത്തിൽ പരിഗണിക്കും.

Leave A Reply