അപകടക്കെണിയായി വയനാട് ചുരം റോഡിലെ തുറന്നുകിടക്കുന്ന ഓവുചാലുകൾ

വൈത്തിരി: വയനാട് ചുരത്തിലെ റോഡിനോട് ചേർന്നുള്ള ഓവുചാലുകൾക്ക് സുരക്ഷാ സംവിധാനങ്ങളൊരുക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. വലിയ വാഹനങ്ങൾ അടക്കം ഓവുചാലുകളിൽ കുടുങ്ങുന്നത് ചുരത്തിൽ ഗതാഗതകുരുക്കിനും ഇടയാക്കുന്നു. വലിയ വാഹനങ്ങൾ മറികടക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ അടക്കം സൈഡില്ലാതെ ഓവുചാലുകളിൽ വീഴുന്ന സംഭവങ്ങളും നേരെത്തെ ഇവിടെ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചുരത്തിലെ എട്ടാം വളവിന് മുകൾഭാഗത്തായി സിമന്റുമായി വന്ന ലോറിയാണ് ഓവുചാലിൽ കുടുങ്ങിയത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. വീതികുറഞ്ഞ ഭാഗമായതിനാൽ ഒറ്റവരിയായി വാഹനങ്ങൾ കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. വലിയ വാഹനങ്ങൾ കുഴിയിൽ വീണ് പലയിടത്തും ഓവുചാലുകൾ വലിയ കുഴികളായും മാറിയിട്ടുണ്ട്. ഇതോടെ മേഖലയിൽ കൂടുതൽ വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്.

കോടികൾ മുടക്കിയാൻ ചുരം റോഡ് നവീകരണ പ്രവൃത്തികൾ നടത്തിയത്. ഓടകളും അറിവുചാലുകളും നവീകരിക്കാൻ പ്രത്യേക ഫണ്ടുതന്നെ അനുവദിച്ചിരുന്നു. ഓരോ തവണ ടാറിങ് നടക്കുന്നതിനനുസരിച്ചു റോഡിന്റെ ഉയരം വർധിക്കുകയും ചാലിന്റെ ആഴം കൂടുകയും ചെയ്തു.ഇത്തരത്തിലുള്ള വലിയ ഓവുചാലുകൾ സ്ലാബിട്ട് അടച്ച് സുരക്ഷിതമാക്കാനോ അല്ലെങ്കിൽ ചാലിനോട് ചേർന്ന് കോൺക്രീറ്റ് വരമ്പുകളോ മറ്റോ സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കാനോ അധികൃതരുടെ ഭാഗത്ത് നിന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Leave A Reply