റോഡില്‍ വിള്ളലുണ്ടായതു സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട :  മഴക്കെടുതിയില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. സീതത്തോട് പഞ്ചായത്തിലെ മുണ്ടന്‍പാറയില്‍ റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ട സ്ഥലത്താണ് മന്ത്രി ആദ്യം എത്തിയത്. റോഡില്‍ രൂപപ്പെട്ട വലിയ വലിയ വിള്ളലിനെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തുമെന്ന് മന്ത്രി പ്രദേശവാസികള്‍ക്ക് ഉറപ്പു നല്‍കി.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ സ്ഥലമാണ് ഇത്. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് ഇവിടെ ശാസ്ത്രീയ പഠനം നടത്തും. അതിനായി ഒരു സംഘത്തെ രൂപീകരിച്ച് കഴിഞ്ഞു. നിയോഗിച്ച സംഘം പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. കുന്നിന്റെ ചരിവായ പ്രദേശമായതിനാല്‍ വിള്ളല്‍ പല സ്ഥലങ്ങളിലും രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ കാരണം വ്യക്തമായി അന്വേഷിക്കുന്നതിനാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് ലഭ്യമായാലുടന്‍ ശാശ്വത പരിഹാരം പ്രദേശവാസികള്‍ക്കായി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രദേശവാസികള്‍ അടിയന്തരമായി സ്ഥലത്ത് നിന്ന് സുരക്ഷിതമായ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറി താമസിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

തുടര്‍ന്ന്  കണ്ണൂര്‍ ജില്ലയിലെ കണിച്ചാരിലുണ്ടായ ഉരുള്‍പ്പൊട്ടലിലെ ശക്തമായ വെള്ളപ്പാച്ചിലില്‍പ്പെട്ട് മരണമടഞ്ഞ രണ്ടര വയസുകാരിയായ നുമ തസ്ലിന്റെ മാതാവ് നാദിറ റഹീമിനെ ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു. റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് സ്വകാര്യവ്യക്തിയുടെ വീടിന്റെ കെട്ടുള്‍പ്പെടെ തകര്‍ന്ന കുളനട പഞ്ചായത്തിലെ പാണിലിലേക്കായിരുന്നു മന്ത്രിയുടെ അടുത്ത യാത്ര. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലാണ് റോഡിന്റെ ടാറിംഗിന്റെ പാതി ഭാഗം വിണ്ടുകീറുകയും സംരക്ഷണഭിത്തിയുള്‍പ്പെടെ തകര്‍ന്ന് സ്വകാര്യവ്യക്തിയുടെ വീടിന് മുകളിലേക്ക് പതിക്കുകയും ചെയ്തത്.

നിലവില്‍ മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണെന്നും ബലവത്തായ രീതിയില്‍ സംരക്ഷണഭിത്തി കെട്ടുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ടിപിക്കാണ് നിര്‍മാണ ചുമതല. എസ്റ്റിമേറ്റ് എടുത്തു. വീടിന്റെ കേടുപാടുകള്‍ ഉള്‍പ്പെടെ മാറ്റുമെന്നും മന്ത്രി ഉറപ്പ് നല്‍കി. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

Leave A Reply