വെള്ളത്തിൽ മുങ്ങി വീടുകൾ; ദാഹജലത്തിനായി നെട്ടോട്ടമോടി ജനങ്ങൾ

ഈരാറ്റുപേട്ട: പെരുമഴക്കാലത്ത് വീടുകളടക്കം വെള്ളത്തിൽ മുങ്ങുമ്പോഴും ശുദ്ധജലമില്ലാതെ നൂറുകണക്കിന് പേർ ദുരിതത്തിൽ. ആറ്റിലെ വെള്ളം കൈത്തോടുകളിലൂടെ കയറി വന്നപ്പോൾ ആദ്യം മൂടിയത് പ്രദേശത്തെ കിണറുകളാണ്.ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളിൽ ഒരു കിണറ്റിൽനിന്ന് 20ൽ അധികംവരെ മോട്ടോറുകൾ ഘടിപ്പിച്ച് വെള്ളം ശേഖരിക്കുന്നവരുണ്ട്. അവരുടെ കുടിവെള്ളമാണ് കൂടുതലും മുടങ്ങിയത്. ആറ്റിൽ ജലനിരപ്പ് താഴാത്തതും മഴ തോരാതെ നിൽക്കുന്നതും മൂലം കിണറുകൾ വൃത്തിയാക്കാൻ വീട്ടുകാർ ശ്രമിക്കാറില്ല.

നഗരസഭയിലെ താഴ്ന്ന പ്രാദേശങ്ങളായ മുരുക്കോലി, മാതാക്കൽ, പൊന്തനാപറമ്പ് പ്രദേശങ്ങൾക്ക് പുറമെ ഏഴ്, 11, 20, 21 ഡിവിഷനുകളിലെ ഏകദേശം നൂറോളം സ്വകാര്യ കിണറുകളാണ് വെള്ളത്തിൽ മുങ്ങിയിരിക്കുന്നത്. കൂടാതെ ഈ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പത്തോളം ജനകീയ ജലസേചന പദ്ധതികളുടെ പൊതുകിണറുകളിലെ ശുദ്ധജലവും മലിനമായിട്ടുണ്ട്. ഇതും കുടിവെള്ളം മുടങ്ങാനുള്ള മറ്റൊരു കാരണമാണ്. ആറ്റുതീരത്ത് സ്ഥാപിച്ചിരുന്ന ജലസേചന പദ്ധതികളുടെ മോട്ടോറുകൾ വെള്ളംകയറി തകരാറിലായതും മേഖലയിലെ ജനങ്ങൾക്ക് തിരിച്ചടിയായി മാറി.ഇതോടെനിലവിൽ പണംനൽകി കുടിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്ജനങ്ങൾ.

Leave A Reply