ആറന്മുള വള്ളസദ്യക്ക് തുടക്കമായി

പത്തനംതിട്ട :  പമ്പയിലെ ഉയര്‍ന്ന ജലനിരപ്പിന്റെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷാ സംവിധാനങ്ങളോടെ പള്ളിയോടങ്ങള്‍ക്കുള്ള വഴിപാട് വള്ളസദ്യകള്‍ക്ക് ആറന്മുളയില്‍ തുടക്കമായി. മാരാമണ്‍, മല്ലപ്പുഴശേരി, പുന്നംതോട്ടം, തെക്കേമുറി, തെക്കേമുറിക്കിഴക്ക്, ഇടനാട്, വെണ്‍പാല എന്നീ പള്ളിയോടങ്ങള്‍ക്കാണ് വഴിപാടായി  വള്ളസദ്യകള്‍ നടന്നത്.

രാവിലെ ക്ഷേത്രക്കടവിലെത്തിയ മാരാമണ്‍ പള്ളിയോടത്തെ പള്ളിയോട സേവാസംഘവും വഴിപാട് നടത്തുന്ന ഭക്തരും സ്വീകരിച്ചു. തുടര്‍ന്ന് മല്ലപ്പുഴശേരി, പുന്നംതോട്ടം, തെക്കേമുറി, തെക്കേമുറി കിഴക്ക്, ഇടനാട്, വെണ്‍പാല എന്നീ പള്ളിയോടങ്ങളും നിശ്ചിത ഇടവേളകളില്‍ ക്ഷേത്രക്കടവിലെത്തി വള്ളസദ്യയിലേക്ക് പ്രവേശിച്ചു. രാവിലെ 11.30 ന് ക്ഷേത്രത്തിന്റെ ആനക്കൊട്ടിലില്‍ എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ തൂശനിലയില്‍ വിളമ്പി വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജന്‍ അധ്യക്ഷത വഹിച്ചു.

Leave A Reply