വധശ്രമക്കേസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ ജാമ്യ ഹർജി വിധി പറയാനായി മാറ്റി

കൊച്ചി: വധശ്രമക്കേസിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ആർഷോയ്ക്ക് ജാമ്യം നൽകരുതെന്ന് പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. അർഷോ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് നിയമത്തെ വെല്ലുവിളിച്ചുവെന്നും പരാതിക്കാരൻ വാദിച്ചു. ആർഷോയുടെ ജാമ്യഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.

നേരത്തെ പിജി പരീക്ഷ എഴുതാൻ കോടതി അർഷോയ്ക്ക് ഇന്ന് വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പരീക്ഷ എഴുതാനല്ലാതെ ജാമ്യ കാലയളവിൽ എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2018ൽ എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ വെച്ച് വിദ്യാർത്ഥിയെ ആക്രമിച്ച കേസിലാണ് പിഎം ആർഷോയ്ക്ക് എതിരെ കേസെടുത്തത്. ഈ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരമാണ് ഇക്കഴിഞ്ഞ ജൂണിൽ അർഷോയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.

ആർഷോയുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ആർഷോയ്ക്ക് എതിരായ കേസിൽ ഇതുവരെ അന്വേഷണം പൂർത്തിയാകാത്തതുമായി ബന്ധപ്പെട്ട് പോലീസിനെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 22 നാണ് ആർഷോയ്ക്ക് കോടതി ഇടക്കാല ജാമ്യം നൽകിയത്. 50000 രൂപയുടെ ബോണ്ട് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

എന്നാൽ പരീക്ഷ എഴുതാൻ ആവശ്യമായ ഹാജർ പി എം ആർഷോയ്ക്ക് ഇല്ലെന്നും നിയമ വിരുദ്ധമായിട്ടാണ് ഹാൾ ടിക്കറ്റ് നൽകിയത് എന്നും പരാതിക്കാരൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാല്‍, ഹാൾ ടിക്കറ്റ് നൽകിയ സാഹചര്യത്തിൽ ആർഷോ പരീക്ഷ എഴുതട്ടെയെന്നാണ് കോടതി നിലപാട് എടുത്തത്. ആർഷോയ്ക്ക് നിയമ പരമായി പരീക്ഷ എഴുതാൻ സാധിക്കുമോ എന്ന് ഇപ്പോൾ നോക്കുന്നില്ലെന്നായിരുന്നു അന്ന് കോടതി പറഞ്ഞത്.

നാല്‍പ്പതോളം കേസുകളിൽ പ്രതിയാണ് പിഎം ആർഷോ. എറണാകുളം മഹാരാജാസ് കോളേജിൽ ആർക്കിയോളജി ആന്‍ഡ് മെറ്റീരിയൽ സ്റ്റഡീസ് ഇന്‍റഗ്രേറ്റഡ് പിജി  വിദ്യാർത്ഥിയാണ് ഇദ്ദേഹം. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ആർഷോയെ ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

Leave A Reply