മനാമ: ബഹ്റൈനിൽ വാനരവസൂരി പ്രതിരോധ വാക്സിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. താൽപര്യമുള്ളവർക്ക് healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയോ 444 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം. പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു.
പരിമിതമായ തോതിലുള്ള വാക്സിനാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. മുൻനിര ആരോഗ്യപ്രവർത്തകർ, രോഗം ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവർ തുടങ്ങിയ മുൻഗണന വിഭാഗങ്ങൾക്കാണ് ആദ്യം നൽകുക. തുടർന്ന് ലഭിക്കുന്ന വാക്സിൻ രജിസ്റ്റർ ചെയ്യുന്ന പൗരന്മാർക്കും പ്രവാസികൾക്കും നൽകും. സൗജന്യമായാണ് വാക്സിൻ വിതരണമെന്നും അധികൃതർ വ്യക്തമാക്കി.