പാര്‍ട്ടി കമ്മിറ്റികളുടെ നേതൃത്വത്തില്‍ സാമ്പത്തിക ഇടപാടുകൾ നടത്തരുതെന്ന് സി.പി.എം

കണ്ണൂര്‍: പാര്‍ട്ടി കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചിട്ടികളും അതുപോലുള്ള സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് സി.പി.എം.നിര്‍ദേശം. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതിന് സമ്മാന പദ്ധതി ഉള്‍പ്പെടുത്തിയുള്ള ചിട്ടി നടത്തിപ്പ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് സി.പി.എം. സംസ്ഥാന കമ്മിറ്റി എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്.

അതേസമയം, പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള വായനശാലകള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും ചിട്ടി നടത്തുന്നതിന് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസായ എ.കെ.ജി.മന്ദിരം നിര്‍മിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് ആവിഷ്‌കരിച്ച ചിട്ടി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ വരുകയും വിവാദമാവുകയും ചെയ്തു.

ഇത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ബന്ധപ്പെട്ടവരുടെ പേരില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുകയും ചെയ്തു.

Leave A Reply