ബാലുശ്ശേരി: വ്യാജ റവന്യൂരേഖ ചമച്ച് കെ.എസ്.എഫ്.ഇ. ചിട്ടി ലോണ്‍ തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ തട്ടിപ്പ് കണ്ടെത്തിയ ബാലുശ്ശേരി വില്ലേജ് ഓഫീസറില്‍നിന്ന് റവന്യൂവകുപ്പ് അന്വേഷണസംഘം മൊഴിയെടുത്തു. ഇദ്ദേഹത്തിന്റെ പേരില്‍ വ്യാജ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റും സ്കെച്ചും തയ്യാറാക്കിയാണ് കെ.എസ്.എഫ്.ഇ. കല്ലായ് ബ്രാഞ്ചില്‍നിന്ന് പണം തട്ടാന്‍ ശ്രമംനടന്നത്.
കെ.എസ്.എഫ്.ഇ.യില്നിന്ന് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി വില്ലേജ് ഓഫീസിലേക്ക് അയച്ചപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. സംഭവം സംബന്ധിച്ച് അടിയന്തരാന്വേഷണം നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറെ വകുപ്പുമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് കളക്ടറേറ്റിലെ അന്വേഷണസംഘം വില്ലേജ് ഓഫീസറില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.
വലിയ റാക്കറ്റുതന്നെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതായുള്ള സംശയമുയര്‍ന്നിട്ടും പോലീസന്വേഷണം ഫലപ്രദമല്ലെന്ന ആക്ഷേപമുണ്ട്. വില്ലേജ് ഓഫീസര്‍ ബാലുശ്ശേരി പോലീസില്‍ നല്കിയ പരാതിയില്‍ ഇതുവരെയും പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിട്ടില്ല.
വ്യാജ മുക്ത്യാര്‍ ഉണ്ടാക്കി മറ്റൊരാള്‍ തട്ടിപ്പിനു ശ്രമിക്കുകയായിരുന്നുവെന്ന സ്ഥലമുടമയുടെ പരാതിയിലും കേസെടുത്തിട്ടില്ല. കല്ലായ് കെ.എസ്.എഫ്.ഇ.യിലാണ് സംഭവം നടന്നതെന്നതിനാല്‍ അവിടെയാണ് പരാതി നല്‍കേണ്ടതെന്നാണ് ബാലുശ്ശേരി പോലീസ് പറയുന്നത്.
അതിനിടെ, വ്യാജരേഖ ചമച്ചതില്‍ തനിക്ക് ബന്ധമില്ലെന്ന് കിനാലൂര്‍ കാവുംപുറത്ത് മുസ്തഫ പത്രസമ്മേളനത്തില്‍ പറഞ്ഞു. താന്‍ മുസ്തഫയ്ക്ക് കൈമാറാന്‍ തീരുമാനിച്ച 40 സെന്റ് സ്ഥലത്തിന്റെ രേഖകള്‍ രജിസ്ട്രേഷന് ആവശ്യത്തിന് കൈമാറിയിരുന്നുവെന്നും ഇതുപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നുമാണ് സ്ഥലമുടമ പറയുന്നത്. എന്നാല്‍, എലത്തൂര്‍ വെള്ളറക്കാട് സ്വദേശിയായ യുവതിയാണ് ഭൂമി വാങ്ങിയതെന്നും താന്‍ ഇടനിലക്കാരന് മാത്രമാണെന്നുമാണ് മുസ്തഫയുടെ വാദം.