വാല്‍വ് തുറന്നിട്ട് ഓടിച്ച ഡ്രൈവറെ കൈയോടെ പോലീസ് പിടികൂടി

കൊച്ചി: മാലിന്യ ലോറിയുടെ വാല്‍വ് തുറന്നിട്ട് ഓടിച്ചുപോകുന്ന വീഡിയോ പ്രചരിച്ചതോടെ ഡ്രൈവറെ കൈയോടെ പോലീസ് പിടികൂടി. ലോറിയും കസ്റ്റഡിയിലെടുത്തു. ഫോര്‍ട്ട്കൊച്ചി ഞാലിപ്പറമ്പ് സ്വദേശി ജിപ്സണ്‍ ജെയിംസ് (30) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച രാത്രി ഒരു മണിയോടെ എറണാകുളം അറ്റ്ലാന്റിസ് മുതല്‍ എറണാകുളം മഹാരാജാസ് കോളേജ് വരെയാണ് ഇയാള്‍ ലോറിയുടെ വാല്‍വ് തുറന്നിട്ട് വാഹനമോടിച്ചത്. പെരുമഴയായതിനാല്‍ ആരും കാണില്ലെന്നു കരുതിയെങ്കിലും, തൊട്ടുപിന്നിലുണ്ടായിരുന്ന കാര്‍ യാത്രക്കാര്‍ വാല്‍വ് തുറന്നിട്ടുള്ള ലോറിയുടെ ഓട്ടം പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

സംഭവം ഇതിനിടെ കണ്‍ട്രോള്‍ റൂം പോലീസിന്റെ ശ്രദ്ധയിലും പെട്ടിരുന്നു. കണ്‍ട്രോള്‍ റൂം എസ്.ഐ.യുടെ പരാതിയില്‍ ഡ്രൈവര്‍ ജിപ്‌സണെ എറണാകുളം സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.

പെരുമഴയുള്ളപ്പോള്‍ ആളൊഴിഞ്ഞ റോഡുകളില്‍ ഈവിധം കക്കൂസ് മാലിന്യം തുറന്നുവിട്ട് കടന്നുപോകുന്നതാണ് ചില സംഘങ്ങളുടെ രീതി. മഴയുള്ളതിനാല്‍ മാലിന്യം ഒഴുകിപ്പോകുന്നതാണ് ഇത്തരക്കാര്‍ മുതലെടുക്കുന്നത്.

പള്ളുരുത്തി സ്വദേശി ഷമീറിന്റേതാണ് ലോറി. കളമശ്ശേരി ഭാഗത്താണ് ഇവര്‍ മാലിന്യനീക്കം ചെയ്തുവരുന്നത്. വാല്‍വ് തനിയെ തുറന്നുപോയതാണെന്നാണ് ജിപ്‌സന്റെ മൊഴി. എന്നാല്‍ പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Leave A Reply