ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നുവെന്ന് റെവന്യൂ മന്ത്രി കെ. രാജന്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രി മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നുവെന്ന് റെവന്യൂ മന്ത്രി കെ. രാജന്‍. 7.27 മീറ്ററായി കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ജലനിരപ്പ് തുടരുകയാണ്. രാത്രി 11 മണി മുതല്‍ ഒരു മണിവരെ 7.1 മീറ്റര്‍ ആയിരുന്നത് 7.27 ആയി ഉയരുകയായിരുന്നു. അതേസമയം രാവിലെ എട്ട് മണിയോടെ മഴ ശക്തിപ്രാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ മഴയുടെ ശക്തി എത്രത്തോളം വര്‍ധിക്കുന്നുവെന്നത് ചാലക്കുടിപ്പുഴയെ സംബന്ധിച്ച് നിര്‍ണായകമാണ്.

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന് തുറന്ന് വിട്ടിരിക്കുന്ന വെള്ളത്തിന്റെ അളവ് 35,000 ക്യുസെക്‌സ് ആയി തുടരുന്നു. ഇന്നലെ ഇത് 37,000 വരെ പോയിരുന്നു. വലിയ ആശങ്കയ്ക്കാണ് കഴിഞ്ഞ ദിവസം ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് വഴിവെച്ചത്. മഴ വര്‍ധിക്കാത്തത് ആശങ്കയൊഴിവാക്കുന്നു. ഇന്ന് 12 മണിയോടെ വരുന്ന കാലാവസ്ഥാ നിരീക്ഷണ മുന്നറിയിപ്പുകള്‍ കൂടി ആശ്രയിച്ചായിരിക്കും മറ്റ് കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു.

ചാലക്കുടിയില്‍ താലൂക്ക് അടിസ്ഥാനത്തിലും ഒപ്പം ജില്ലാ അടിസ്ഥാനത്തിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ആളുകളെ മാറ്റി പാര്‍പ്പിച്ചുതുടങ്ങിയിട്ടുണ്ട്. 2018-ലെ പ്രളയബാധിത പ്രദേശങ്ങളായ കൂടപ്പുഴ, പരിയാരം, അന്നമനട, പാറക്കടവ് എന്നിവിടങ്ങളിലും പുത്തന്‍വേലിക്കര പഞ്ചായത്തിലും ആളുകളെ ഒഴിപ്പിച്ചിരുന്നു. ചാലക്കുടിപ്പുഴയോരത്തുള്ളവരെ മാറ്റി പാര്‍പ്പിച്ചതായി കളക്ടര്‍ അറിയിച്ചിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രണ്ടാമത്തെ മുന്നറിയിപ്പ് എത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ ഏഴ് മണിക്കുള്ള കണക്ക് പരിശോധിക്കുമ്പോള്‍ 137.05 അടിയാണ് ജലനിരപ്പ്. 137.50 അടിയാണ് ഓഗസ്റ്റ് അഞ്ച് വരെയുള്ള റൂള്‍ കര്‍വിന്റെ അളവ്. ഏതെങ്കിലും കാരണവശാല്‍ വെള്ളം തുറന്നുവിടേണ്ട അവസ്ഥയുണ്ടായാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും ഇതിനോടകം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലുണ്ടായിരുന്ന എന്‍ഡിആര്‍എഫ് ടീമിനെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചിരിക്കുകയാണ്.

Leave A Reply