കുറ്റ്യാടി: പാലേരി പാറക്കടവ് ജുമാമസ്ജിദിൽ കഴിഞ്ഞ മാസം 30ന് നടന്ന നിക്കാഹ് കർമം വിവാദമായതോടെ പള്ളിയിലെ നിക്കാഹ് വേദിയിൽ വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് മഹല്ല് ജമാഅത്ത് കമ്മിറ്റി. കഴിഞ്ഞദിവസം ചേർന്ന യോഗമാണ് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസ്താവനയിറക്കിയത്. നിക്കാഹിന്റെ തൊട്ടുമുമ്പാണ് കുടുംബം മഹല്ല് ജനറൽ സെക്രട്ടറിയോട് അനുവാദം ചോദിച്ചത്. അദ്ദേഹം സ്വന്തം നിലക്കാണ് അനുവദിച്ചത്. അത് വലിയ വീഴ്ചയാണ്.
സെക്രട്ടറിക്ക് മഹല്ല് കമ്മിറ്റിയിൽ നിന്നോ അംഗങ്ങളിൽനിന്നോ പണ്ഡിതരിൽനിന്നോ ഇക്കാര്യത്തിൽ അനുവാദം ലഭിച്ചിട്ടില്ല. ലഭിച്ചുവെന്ന് പറയുന്നത് മഹല്ലിന് പുറത്ത് നടന്ന മറ്റൊരു വിവാഹ വേദിയുമായി ബന്ധപ്പെട്ടാണെന്നും അറിയിച്ചു.സംഭവത്തിൽ സെക്രട്ടറി നിരുപാധികം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പള്ളിയിൽ ഫോട്ടോ സെഷൻ സംഘടിപ്പിച്ചത് അനധികൃതമായിട്ടാണ്. ഭാരവാഹികളുടെ ശ്രദ്ധയിൽപെടുത്താതെയും അനുവാദം വാങ്ങാതെയുമാണ് അത് നടത്തിയത്. പള്ളി അർഹിക്കുന്ന മര്യാദകൾ നഗ്നമായി ലംഘിച്ചുകൊണ്ട് അത്തരം ഒരു നീക്കം നടത്തിയതിൽ വധുവിന്റെ കുടുംബമാണ് ഉത്തരവാദികൾ. ഏതൊരു വിശ്വാസിയും പ്രാഥമികമായി പാലിക്കാൻ ബാധ്യതപ്പെട്ട കാര്യങ്ങളിലാണ് കുടുംബം വീഴ്ച വരുത്തിയിരിക്കുന്നത്.അക്കാര്യം ഗുരുതരമായ വീഴ്ചയാണെന്ന് മഹല്ല് പ്രതിനിധി സംഘം കുടുംബനാഥനെ നേരിട്ട് അറിയിക്കും.