കോട്ടയം: ബി.എം.ബി.സി. ദേശീയനിലവാരത്തില്‍ മിനുക്കിയിട്ടിരുന്ന പാതയില്‍ കിണര്വലുപ്പത്തിലൊരു കുഴി. എല്ലാം ഗംഭീരമെന്ന് പറയുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മുഖത്തടിയേറ്റ പോലെ നാണക്കേടുണ്ടാക്കിയത് പാലാ നഗരഹൃദയത്തില്‍.ജനറലാശുപത്രിക്കും വലിയപാലത്തിനും അമ്പതുമീറ്റര്‍ അകലെ കിഴതടിയൂര്‍ ബാങ്ക് റോഡിന് എതിര്‍വശത്ത് നഗരസഭയുടെ ജനകീയഭക്ഷണശാലയോട് ചേര്‍ന്നാണ് വലിയ കുഴിയുണ്ടായത്.
ജനകീയ ഭക്ഷണശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനും കുഴി ഭീഷണിയാണ്. 15 അടി ആഴവും 10 അടിയോളം വീതിയുമുള്ളതാണ് കുഴി. രാവിലെ നടക്കാന്‍ വന്ന നാട്ടുകാരാണ് കുഴി കണ്ട് വിവരം അധികാരികളെ അറിയിച്ചത്.ചെറിയ കുഴിയാണെന്ന നിഗമനത്തില്‍ മണ്ണ് നീക്കംചെയ്തു തുടങ്ങിയപ്പോഴാണ് പണി പാളുന്നത് അറിഞ്ഞത്. മണ്ണുമാന്തി യന്ത്രത്തിന്റെ തൊട്ടി താഴേക്ക് താണുപോയി. ഇളകിയ മണ്ണ് നീക്കിയപ്പോള്‍ ചെറിയ കിണര്‍വലുപ്പത്തിലായി. ഈ ഭാഗത്ത് റോഡിന് കുറുകെ ഓടയുണ്ടായിരുന്നുവെന്നും അത് ഇടിഞ്ഞു താഴ്ന്നതാണെന്നുമുള്ള നിഗമനത്തിലാണ് പൊതുമരാമത്തുവകുപ്പ്.
കിഴതടിയൂര്‍ ബാങ്ക് ഭാഗത്തുള്ള ഓടയുടെ തുടര്‍ച്ചയായി പ്രധാന റോഡിന് കുറുകെ ഓടയുണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്. എന്നാല്‍ കുഴിയിലെ മണ്ണ് നീക്കംചെയ്തപ്പോള്‍ ഓട കണ്ടെത്താനായില്ല. തുടര്‍ന്ന് പ്രവൃത്തി നിര്‍ത്തിവയ്ക്കുകയായിരുന്നു. റോഡിലെ കുഴിയുടെ ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്ത് ഗതാഗതം നിയന്ത്രിച്ചു.