മലവെള്ളത്തിന്റെ കുത്തൊഴുക്ക്; തിരുവല്ലയിൽ 1163 പേർ ക്യാമ്പിൽ

തിരുവല്ല : മലയോരത്ത് ശക്തമായ മഴയിൽ മലവെള്ളത്തിന്റെ കുത്തൊഴുക്ക് തുടരുന്നതിനാൽ തിരുവല്ല താലൂക്കിലെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.ഇതോടെ പ്രദേശത്ത് 11 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ഇന്നലെ വൈകിട്ടുവരെ ക്യാമ്പുകളുടെ എണ്ണം 36 ആയി. 338 കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 1163 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.

പമ്പ, ശബരിമല എന്നിവിടങ്ങളിൽ കനത്തമഴ ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കിയിട്ടുണ്ട്. താലൂക്കിന്റെ പടിഞ്ഞാറൻ മേഖലകളിൽ ഇന്നലെയും ജലനിരപ്പ് ഉയർന്നതോടെ കൂടുതൽ വീടുകളിലേക്ക് വെള്ളമൊഴുകിയെത്തി. പ്രധാന റോഡുകളും ഗ്രാമീണമേഖലയിലെ ചെറിയ റോഡുകളുമെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ പലയിടത്തും ഗതാഗതം നിലച്ചു. തിരുവല്ല കറ്റോട് വലിയതോട്ടിലെ ചീപ്പ് കവിഞ്ഞ് വെള്ളമൊഴുകുന്നത് പടിഞ്ഞാറ്റുംചേരി നിവാസികളെ ആശങ്കയിലാക്കി. കാലവർഷ സമയത്ത് വെള്ളപ്പൊക്കഭീഷണി നിലനിൽക്കുന്ന പ്രദേശമാണിത്. പാറേകുന്തറ അടക്കമുള്ള പ്രദേശങ്ങൾ എപ്പോൾ വേണമെങ്കിലും വെള്ളത്തിലാകുന്ന സ്ഥിതിയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുമെന്ന ഭീതിയിലാണ് ജനങ്ങൾ.

Leave A Reply