വാളാടിയിൽ വളർത്തുമൃഗങ്ങളെ പുലി കടിച്ചു കൊന്നു

വണ്ടിപ്പെരിയാർ: പുലിയുടെ ആക്രമണത്തിൽ വാളാടി എസ്.റ്റി. കോളനിയിൽ വളർത്തു മൃഗങ്ങൾ ചത്തു. പുലിയുടെ ആക്രമണത്തിൽ 2 ആടുകളും വളർത്തു നായയുമാണ് ചത്തത്. കഴിഞ്ഞ ദിവസം അഴിച്ചു വിട്ട 10 ആടുകളിൽ 2 എണ്ണത്തിനെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് പുലിയുടെ ആക്രമണത്തിൽ ചത്തതായി കണ്ടെത്തിയത്.

വൈകുന്നേരം ആടുകളെ അഴിച്ചു വിടുകയും 6 മണിയോടെ തിരികെ കൂട്ടിൽ എത്തിച്ച് അടയ്ക്കുകയുമാണ് പതിവ്. കഴിഞ്ഞ ദിവസം അഴിച്ചു വിട്ട ആടുകളിൽ രണ്ടെണ്ണത്തെ കാണാതായി. രാത്രി 10 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ആടുകളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് ആടിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് കുമളി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരമറിയിക്കുകയും വനപാലകർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പുലിയുടെ ആക്രമണത്തിലാണ് ആടുകൾ ചത്തതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. കഴിഞ്ഞ കുറേ മാസക്കാലമായി ഇവിടെ പുലിയുടെ സാന്നിദ്ധ്യമുള്ളതായും, നേരത്തെയും ആട് , നായ തുടങ്ങിയ വളർത്തു മൃഗങ്ങളെ പുലി പിടിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.

Leave A Reply