കൊല്ലം തെന്മല ഡാം ഇന്ന് രാവിലെ 11ന് തുറക്കും

തിരുവനന്തപുരം:കൊല്ലം തെന്മല ഡാം ഇന്ന് രാവിലെ 11ന് തുറക്കും. കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാർ, മലമ്പുഴ ഡാമുകളും ഇന്നു രാവിലെ തുറന്നേക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിക്ക് മുകളിലെത്തി. ജലനിരപ്പ് റൂൾ കർവിനോട് അടുത്താൽ ഇന്ന് തന്നെ സ്പിൽ വേ ഷട്ടറുകൾ തുറക്കും.

ഇടുക്കി കല്ലാർ അണക്കെട്ടും ഇന്ന് തുറന്നേക്കും. കല്ലാർ പുഴയോരത്തുള്ളവർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

പെരിങ്ങൽകുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നിട്ടുണ്ട്. ചിമ്മിനി ‍ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നുണ്ട്. കുറുമാലി പുഴയുടെ തീരത്തുള്ളവരോട് മാറി താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള ഷോളയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്.

വലിയ ഡാമുകളിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ല. എങ്കിലും പരമാവധി സംഭരണ ശേഷിയിലക്ക് എത്തിക്കാതെ ക്രമീകരണം തുടരാനാണ് നിലവിലെ തീരുമാനം. ഇടുക്കിയിൽ ഇടവിട്ട് ശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട്.

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. രാത്രി കാര്യമായ മഴ പെയ്തില്ല. പെരിങ്ങൽകുത്തിൽ നിന്ന് അധിക ജലം വന്നിട്ടും ജലനിരപ്പ് വലിയതോതിൽ ഉയർന്നില്ല.

പെരിയാർ നദിയിൽ ജലനിരപ്പ് അപകടവസ്‌ഥയിലേക്ക് എത്താത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. തൊടുപുഴയിൽ മഴ കുറഞ്ഞു. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വണ്ണപ്പുറത്ത് ആളുകളെ മാറ്റിപ്പാർപ്പിച്ചു.

Leave A Reply