എല്ലാ വീടുകളിലും ദേശീയ പതാക; ഹര്‍ ഘര്‍ തിരംഗിന് വയനാടൊരുങ്ങുന്നു

വയനാട്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുത്തുന്നതിനായുളള ഹര്‍ ഘര്‍ തിരംഗിന് വിപുലമായ തയ്യാറെടുപ്പുമായി ജില്ലയൊരുങ്ങുന്നു. ഇതാദ്യമായാണ് ദേശീയ തലത്തില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ദേശീയ പതാക ഉയര്‍ത്തുന്നത്. ആഗസ്റ്റ് 13 മുതല്‍ 15 വരെയാണ് ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി പതാക ഉയര്‍ത്തുക. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലും വീടുകളിലും ഹര്‍ ഘര്‍ തിരംഗ് ആഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തണം. ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരിക്കും ജില്ലയില്‍ ഹര്‍ ഘര്‍ തിരംഗിന്റെ ആഘോഷ പരിപാടികള്‍ നടക്കുക. എല്ലാ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇത്തവണ പ്രത്യേകമായി പതാകകള്‍ ഉയര്‍ത്തും.

2002 ജനുവരി 26 ന് നിലവില്‍ വന്ന ഫ്‌ളാഗ് കോഡിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുവേണം ദേശീയ പതാക ഉയര്‍ത്തല്‍. ഫ്ളാഗ് കോഡിലെ ഭേദഗതി പ്രകാരം ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി വീടുകളില്‍ ഉയര്‍ത്തുന്ന പതാക രാത്രിയില്‍ താഴ്‌ത്തേണ്ടതില്ല. കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി തുണികള്‍ കൊണ്ട് പതാക നിര്‍മ്മിക്കാം. കൈകൊണ്ട് തുന്നിയതോ, കൈത്തറിയില്‍ നെയ്തതോ യന്ത്രങ്ങളില്‍ നിര്‍മ്മിച്ചതോ ആയ പതാകകള്‍ ഉപയോഗിക്കാം. ദേശീയ പതാക ദീര്‍ഘ ചതുരത്തിലുള്ളതാകണം. ഏത് വലുപ്പത്തില്‍ വേണമെങ്കിലും പതാക നിര്‍മ്മാക്കാമെങ്കിലും ഫ്‌ളാഗ് കോഡില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അനുപാതം മാറാന്‍ പാടില്ല. പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. പതാക ഉയര്‍ത്തുന്നതും പ്രദര്‍ശിപ്പിക്കുന്നതും തികഞ്ഞ ആദരവോടെയായിരിക്കണം. കീറിയതും മുഷിഞ്ഞതുമായ തുണികളും മറ്റും പതാക നിര്‍മ്മാണത്തിന് ഉപയോഗിക്കരുത്.

പതാക അലക്ഷ്യമായി എവിടെയും ഉപേക്ഷിക്കാനോ നിന്ദ്യമായ രീതിയല്‍ കൈകാര്യം ചെയ്യാനോ പാടുളളതല്ല. മറ്റേതെങ്കിലും പതാകയ്ക്ക് ഒപ്പം ഒരു കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പാടുള്ളതല്ല. തലതിരിഞ്ഞ രീതിയില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കരുത്. തോരണം തുടങ്ങി അലങ്കാര രൂപത്തില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ട്. തറയിലോ നിലത്തോ തൊടാത്ത വിധത്തിലാണ് ദേശീയ പതാക പ്രദര്‍ശിപ്പിക്കേണ്ടത്. പതാകയില്‍ എഴുത്തുകുത്തുകള്‍ പാടില്ല. രാഷ്ടപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ തുടങ്ങി ഫ്‌ളാഗ് കോഡില്‍ പരാമര്‍ശിച്ചിട്ടുള്ള വിശിഷ്ട വ്യക്തികള്‍ ഒഴികെ മറ്റാര്‍ക്കും വാഹനങ്ങളില്‍ പതാക ഉയര്‍ത്താന്‍ അനുമതിയില്ല. മറ്റേതെങ്കിലും പതാകയ്ക്ക് അരികിലോ താഴ്ഭാഗത്തോ ദേശീയ പതാക ഉയര്‍ത്തരുതെന്നും ഫ്‌ളാഗ് കോഡില്‍ പറയുന്നു. ദേശീയ പതാക താഴ്ത്തിയതിന് ശേഷം അലക്ഷ്യമായും കരുതലില്ലാതെയും ഉപേക്ഷിക്കാനും പാടില്ല.

Leave A Reply