മദ്യ-മയക്കുമരുന്ന് കടത്ത്; കണ്ണൂരിൽ ഇന്ന് മുതല്‍ എക്സൈസിന്റെ തീവ്രയജ്ഞ പരിശോധന

കണ്ണൂർ: എക്സൈസ് വകുപ്പ് ഓണാഘോഷങ്ങളോടനുബന്ധിച്ച് വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്തും വിപണനവും സംഭരണവും തടയാൻ തീവ്രയജ്ഞ പരിശോധനകൾ നടത്തും. ഇന്ന് മുതൽ 12 വരെയാണ് എക്സൈസ് പരിശോധന.

കണ്ണൂർ അസി. എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം എക്സൈസ് ഡിവിഷൻ ഓഫീസിൽ ഇന്ന്മുതൽ പ്രവർത്തിക്കും. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിൽ തുടർ നടപടി ഉടൻ സ്വീകരിക്കും. ജില്ലയിലെ താലൂക്ക് പരിധികളിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്തല സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകൾ ഇന്ന് മുതൽ പ്രവർത്തിക്കും. ഇതിൽ എക്സൈസ് ഇൻസ്പെക്ടർ, പ്രിവന്റീവ് ഓഫീസർ, രണ്ട് സിവിൽ എക്സൈസ് ഓഫീസർമാർ, ഡ്രൈവർ എന്നിവർ ഉണ്ടാകും. ജില്ലയിലെ അതിർത്തി പ്രദേശങ്ങൾ, കോളനികൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തും.

ജില്ലയിലെ 12 റെയിഞ്ചുകളിലും രണ്ടുവീതം പ്രിവന്റിവ് ഓഫിസർ/സിവിൽ എക്സൈസ് ഓഫീസർ എന്നിവർ ഉൾപ്പെടുന്ന ഇന്റലിജൻസ് ടീമിനെ നിയോഗിച്ച് വിവര ശേഖരണം നടത്തി നടപടി സ്വീകരിക്കും. അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ വ്യാജമദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ഉപയോഗം വ്യാപകമാകുന്നതിനാൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും താമസ സ്ഥലങ്ങളിലും നിരീക്ഷണങ്ങളും പരിശോധനയും നടത്തുന്നുണ്ട്.

മണ്ഡലം/താലൂക്ക്/പഞ്ചായത്ത് തലത്തിൽ ജനകീയ കമ്മിറ്റികൾ വിളിച്ചുചേർത്ത് ജനപ്രതിനിധികളിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും കുടുംബശ്രീ അംഗങ്ങളിൽ നിന്നും മറ്റും അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുളള വിവരങ്ങൾ ശേഖരിച്ച് നടപടി സ്വീകരിക്കും.അതിർത്തിപ്രദേശങ്ങളിലെ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും. പൊലിസ്, റവന്യൂ, ഫോറസ്റ്റ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ഡ്രഗ്സ് കൺട്രോൾ, കർണ്ണാടക എക്സൈസ്/പോലീസ് തുടങ്ങിയവയുമായി ചേർന്ന് സംയുക്ത പരിശോധന നടത്തും. വലിയ അളവിലുള്ള മദ്യം/മയക്കുമരുന്ന് കേസുകൾ കണ്ടുപിടിക്കാനുതകുന്ന വിവരങ്ങൾ നൽകുന്നവർക്ക് ആകർഷകമായ സമ്മാനം നൽകും. വിവരങ്ങൾ നൽകുന്നവരുടെ ഫോൺ നമ്പറുകൾ രഹസ്യമായി സൂക്ഷിക്കും. പരാതികളും വിവരങ്ങളും താഴെപ്പറയുന്ന നമ്പരുകളിൽ അറിയിക്കാം.

Leave A Reply