യാത്രക്കാരൻ കടത്തിയ സ്വർണം കൈക്കലാക്കിയെന്ന് പരാതി; കരിപ്പൂരിൽ രണ്ട്​ കസ്റ്റംസ്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ

കരിപ്പൂർ: യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടിയ സംഭവം റിപ്പോർട്ട്​ ചെയ്യാത്തത്തിൽ നടപടി. ഇതുമായി ബന്ധപ്പെട്ട്​ കോഴിക്കോട്​ വിമാനത്താവളത്തിൽ രണ്ട്​ കസ്റ്റംസ്​ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. എയർ കസ്​റ്റംസ്​ സൂപ്രണ്ട്​ പ്രമോദ്​ സബിത, ഹവിൽദാർ സനിത്​ എന്നിവരെയാണ്​ അന്വേഷണ വിധേയമായി കസ്റ്റംസ്​ കമീഷണർ സസ്​പെന്‍റ്​ ചെയ്തിരിക്കുന്നത്​.

ജൂലൈ 26ന്​ ദുബൈയിൽ നിന്ന്​ ഒതായി സ്വശേദി ശിഹാബ്​ എന്ന യാത്രക്കാരൻ സ്വർണവുമായി എത്തുന്നതായി കസ്റ്റംസിനും പോലീസിനും വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് കസ്റ്റംസ്​ ഇയാളെ തടഞ്ഞുനിർത്തി. വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പോലീസും ഇയാളെ ചോദ്യം ചെയ്തു. സ്വർണം കസ്റ്റംസിന്​ കൈമാറിയതായി പോലീസിനെ അറിയിച്ചു. തുടർന്ന്​ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും ഒരു ക്യാപ്സൂൾ കണ്ടെത്തി.

ഇയാളിൽ നിന്നും പിടികൂടിയ സ്വർണം കസ്റ്റംസ്​ രജിസ്റ്റർ ചെയ്തില്ലെന്ന്​ മനസ്സിലായതിനെ തുടർന്ന്​ പോലീസ്​ ​​ജോ. കമീഷണർക്ക്​ റിപ്പോർട്ട്​ നൽകി. പിന്നീട്​ നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ്​ നടപടി.

Leave A Reply