പള്ളിപ്പുറം വിവിധോദ്ദേശ ചുഴലിക്കാറ്റ് അഭയകേന്ദ്രം നാടിന് സമർപ്പിച്ച് റവന്യൂ മന്ത്രി

എറണാകുളം: പ്രകൃതി ദുരന്തങ്ങളില്‍ വൈപ്പിനിലെ തീരദേശജനതയ്ക്ക് സൈക്ലോണ്‍ ഷെല്‍ട്ടര്‍ വലിയ കൈത്താങ്ങായി മാറുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. പള്ളിപ്പുറത്ത് സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രകൃതി ദുരന്തങ്ങള്‍ എപ്പോഴും നേരിടേണ്ടി വരുന്ന ജനതയാണ് തീരദേശവാസികളെന്നും ഇത്തരം ദുരന്തങ്ങളെ ലഘൂകരിക്കാനും അഭയമേകാനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണ് പള്ളിപ്പുറത്ത് അഭയകേന്ദ്രം നിര്‍മിച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 9 തീരജില്ലകളിലാണ് അഭയകേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്. ഇവ പൂര്‍ത്തിയായതിനുശേഷം എല്ലാ കേന്ദ്രങ്ങളെയും സംയോജിപ്പിച്ചു ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ സമിതിക്കു രൂപം നല്‍കും. പള്ളിപ്പുറത്തെ അഭയ കേന്ദ്രത്തിന് മാനേജിംഗ് ആന്‍ഡ് മെയിന്റനന്‍സ് കമ്മിറ്റി ഉടന്‍ രൂപീകരിക്കും. പ്രകൃതി ദുരന്ത നിവാരണത്തില്‍ സമാനതകളില്ലാത്ത ഇടപെടലാണു സര്‍ക്കാര്‍ നടത്തുന്നത്. വൈപ്പിനിലെ റവന്യൂ പ്രശ്‌നങ്ങളില്‍ ഉടനടി പരിഹാരമുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

സംസ്ഥാന ദുരന്തനിവാരണ വകുപ്പ് 5.17 കോടി രൂപ ചെലവഴിച്ചാണ് പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ 3 നിലകളിലായി വിവിധോദ്ദേശ ചുഴലിക്കാറ്റ് അഭയകേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ചുഴലിക്കാറ്റ് പോലെയുള്ള ദുരന്തങ്ങളില്‍ ജനങ്ങള്‍ക്ക് അഭയമൊരുക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഓരോ നിലയിലും ഹാള്‍, ശുചിമുറി, സിക്ക് റൂം എന്നിവയുണ്ട്. താഴത്തെ നിലയില്‍ അടുക്കള, ഇലക്ട്രിക്കല്‍ റൂം, ജനറേറ്റര്‍ റൂം എന്നിവയും സജീകരിച്ചിട്ടുണ്ട്. കൂടാതെ മഴവെള്ള സംഭരണിയും കുടിവെള്ള ടാങ്കും സെപ്റ്റിക് ടാങ്കും മറ്റ് അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ചിട്ടുണ്ട്. ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യതലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവിടെ അഭയകേന്ദ്രം ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ തീരപ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന അപകടസാധ്യത വ്യാപ്തി കുറയ്ക്കുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയാണു ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യതലഘൂകരണ പദ്ധതി. കേന്ദ്ര ഗവണ്‍മെന്റിന്റേയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും ആഭിമുഖ്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ലോക ബാങ്കിന്റെ ധന സഹായത്തോടുകൂടിയാണു പദ്ധതി നിര്‍വഹണം നടത്തുന്നത്.

കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തീരമണ്ഡലത്തിലെ ജനതയുടെ ക്ഷേമത്തിനാണ് ഏറ്റവും പരിഗണന നല്‍കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ഷാജഹാന്‍, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിന്‍, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ് അക്ബര്‍, കൊച്ചി തഹസില്‍ദാര്‍ സുനിത ജേക്കബ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ സുര, എ.പി പ്രിനില്‍ തുടങ്ങിയവര്‍ സന്നിഹിതരായി. വിവിധ കലാപരിപാടികളും ചടങ്ങില്‍ അരങ്ങേറി.

Leave A Reply