മാലിന്യങ്ങള്‍ വലിച്ചെറിയാതെ അസംസ്‌കൃത വസ്തുക്കളായി മാറ്റാന്‍ കഴിയണം; മന്ത്രി പി.പ്രസാദ്

എറണാകുളം: മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ളതല്ലെന്നും അത് മറ്റൊരു ഉല്‍പ്പന്നം ഉണ്ടാക്കിയെടുക്കാനുള്ള അസംസ്‌കൃത വസ്തുവാക്കി മാറ്റാന്‍ കഴിയണമെന്നും കാര്‍ഷിക വികസന – കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. മരടിലെ കാര്‍ഷിക നഗര മൊത്ത വ്യാപാര വിപണിയില്‍ ജില്ലാ പഞ്ചായത്ത് പുതുതായി നിര്‍മ്മിച്ച ജൈവവള നിര്‍മാണ യൂണിറ്റിന്റെയും സര്‍ക്കാര്‍ കോക്കനട്ട് നഴ്‌സറിയിലെ ഇന്‍പുട്ട് സ്റ്റോറിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മണ്ണിനു യാതൊരു ദൂഷ്യഫലങ്ങളുമില്ലാത്ത നൂറു ശതമാനം ജൈവവളം വിപണിയിലെത്തിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ ശ്രമത്തിനു കൃഷി വകുപ്പിന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മാര്‍ക്കറ്റുകളിലും കൃഷി ഫാമുകളിലും ഒരിഞ്ച് സ്ഥലം പോലും വെറുതെ കിടക്കുന്ന സാഹചര്യം ഇല്ലാത്ത തരത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണം. ഇതിനായി എല്ലായിടത്തു നിന്നും റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതു കൃഷിയിടങ്ങളുമായി ബന്ധപ്പെട്ടാണ്. വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ അടിസ്ഥാനത്തില്‍ എത്ര ഉല്‍പാദിപ്പിക്കാന്‍ കഴിയും എന്നതിനനുസരിച്ചാകും സംഭരിക്കുന്നതും സംസ്‌ക്കരിക്കുന്നതും വിതരണം ചെയ്യുന്നതുമായ കാര്യങ്ങള്‍ നടപ്പാക്കുക. ചിങ്ങം ഒന്നിന്റെ ആഘോഷങ്ങള്‍ കൃഷിയിടങ്ങളില്‍ നിന്നാകണം ആരംഭിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ കെ. ബാബു എം.എല്‍.എ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, മരട് നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മരട് കാര്‍ഷിക നഗര മൊത്ത വ്യാപാര വിപണിയിലാണ് ജൈവ വള യൂണിറ്റും ഇന്‍പുട്ട് സ്റ്റോറും ആരംഭിച്ചത്. 42 ലക്ഷം രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ജൈവവള യൂണിറ്റില്‍ ദിവസേന ഒന്നര ടണ്‍ ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സൗകര്യമുണ്ട്. ഐ.ആര്‍.സി.ടിയാണ് ഇതിന് ആവശ്യമായ അത്യാധുനിക യന്ത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. യന്ത്രത്തിലൂടെ കടത്തി വിടുന്ന ജൈവ മാലിന്യങ്ങള്‍ നുറുക്കിയെടുത്താണ് വളം നിര്‍മ്മിക്കുന്നത്. കുടുംബശ്രീക്കാണ് പ്രവര്‍ത്തന ചുമതല. വൈറ്റില ഗവ. കോക്കനട്ട് നഴ്‌സറിയിലെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമാണ് ഇന്‍പുട്ട് സ്റ്റോര്‍ നിര്‍മിച്ചത്.

Leave A Reply