അന്വേഷണ റിപ്പോർട്ട്‌ തിരുത്തി; തിരൂരിൽ ഗ്രേഡ്‌ എസ്‌ഐ അറസ്റ്റിൽ

മലപ്പുറം: അന്വേഷണ റിപ്പോർട്ട്‌ തിരുത്തിയ കേസിൽ​ തിരൂർ സ്‌റ്റേഷനിലെ ഗ്രേഡ്‌ എസ്‌ഐ മോഹൻദാസിനെ ജില്ല ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്​ ചെയ്‌തു. ​ സർവിസിൽ നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു പോലീസുകാരനെതിരായുള്ള അന്വേഷണ റിപ്പോർട്ടിൽ അന്നത്തെ അഡ്‌മിനിസ്‌ട്രേറ്റിവ്‌ ഡിവൈ.എസ്‌.പിയുടെ റൈറ്ററായിരുന്ന മോഹൻദാസ്‌ തിരുത്തൽ വരുത്തിയെന്നാണ്​ കണ്ടെത്തിയിരിക്കുന്നത്.

2016ലായിരുന്നു കേസിനാസ്‌പദമായ സംഭവം. ആരോപണം നേരിട്ട പൊലീസ്​ ഉദ്യോഗസ്ഥനെതി​രെ അഡ്‌മിനിസ്‌ട്രേറ്റിവ്‌ ഡിവൈ.എസ്‌.പിയുടെ മേൽനോട്ടത്തിൽ നിലമ്പൂർ സി.ഐ അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന്​ കണ്ടെത്തി റിപ്പോർട്ട്‌ സമർപ്പിക്കുകയിരുന്നു. ഈ റിപ്പോർട്ടിൽ ഡിവൈ.എസ്‌.പി അറിയാതെ കൂട്ടിച്ചേർക്കൽ നടത്തിയയെന്ന്​ കണ്ടെത്തിയതിനെത്തുടർന്ന്‌ നിലമ്പൂർ പോലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. തുടർന്ന്​ ജില്ല പോലീസ്‌ മേധാവി അന്വേഷണത്തിന്‌ ജില്ല ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. കൈയക്ഷരം ആരുടേതാണെന്ന്‌ കണ്ടെത്താൻ തിരുത്തിയ റിപ്പോർട്ട്​ പൊലീസ്‌ ഫോറൻസിക്‌ ലാബിലേക്ക്‌ അയച്ചു. അവിടെ നടത്തിയ പരിശോധനയിലാണ്‌ കൈയക്ഷരം റൈറ്റർ മോഹൻദാസിൻറേതാണെന്ന്​ കണ്ടെത്തിയത്‌. ഇതിൻറെ റിപ്പോർട്ട്‌ കഴിഞ്ഞദിവസം ലഭിച്ചതിനെത്തുടർന്നാണ്‌ തിരൂർ ഗ്രേഡ്‌ എസ്‌.ഐയായ മോഹൻദാസിനെ ജില്ല ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി അറസ്‌റ്റ്​ ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ മോഹൻദാസിന്‌ വ്യാഴാഴ്ച തന്നെ ജാമ്യം ലഭിക്കുകയും ചെയ്തു.

Leave A Reply