പത്തനംതിട്ടയില്‍ നിരവധി വാഹനങ്ങള്‍ കത്തിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട:അടൂരില്‍ വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍, അമ്മകണ്ടകര സ്വദേശിയായ കലാഭവനില്‍ ശ്രീജിത്തി(25)നെയാണ് അറസ്റ്റ് ചെയ്തത്.രണ്ട് ദിവസം മുമ്ബ് പുലര്‍ച്ചെ ചേന്നംപ്പള്ളി ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ കത്തുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതില്‍ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ അതേ സ്ഥലത്ത് ഒരു ഓട്ടോറിക്ഷയും കത്തി നശിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി കസ്റ്റഡിയിലാവുന്നത്.

ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് ശ്രീജിത്തിനെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ബന്ധു രാഘുനാഥന്‍ നായര്‍ക്കും പങ്കുണ്ടെന്ന് പോലിസ് കണ്ടെത്തിയിരുന്നു . മാസങ്ങള്‍ക്കു മുന്‍പ് അടൂര്‍ പോലീസ് സ്‌റ്റേഷന് സമീപമുള്ള റവന്യൂ ടവറിന്റെ മുന്‍വശത്തുള്ള പഴയ ടൗണ്‍ ഹാളിന്റെ സമീപം കിടന്ന കാര്‍ കത്തിനശിച്ചിരുന്നു. ഇതേ സ്ഥലത്ത് കിടന്ന ആംബുലന്‍സ്, ടിപ്പര്‍ എന്നിവയും കത്തിനശിച്ചു. ഇതടക്കം വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി മറ്റ് പത്തോളം കുറ്റകൃത്യങ്ങള്‍ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.

പ്രതിയെ സംഭവസ്ഥലങ്ങളില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം അടൂര്‍ ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ടി ഡി നേതൃത്വത്തില്‍ എസ് ഐമാരായ വിപിന്‍ കുമാര്‍ ധന്യ കെ എസ്സ്, സുദര്‍ശന എസ്സ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ് ആര്‍ കുറുപ്, അനുരാഗ് മുരളീധരന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave A Reply