തൃശൂര്‍ പൊന്നാനി കോള്‍പ്പാടങ്ങളിലെ 100 പമ്ബ്‌സെറ്റുകള്‍ സൗരോര്‍ജ്ജവത്കരിക്കും

 

തൃശൂര്‍: തൃശൂര്‍ പൊന്നാനി കോള്‍പ്പാടങ്ങളിലെ 100 പമ്ബ്‌സെറ്റുകള്‍ സൗരോര്‍ജ്ജവത്കരിക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി .പി.എം. കുസൂം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സൗരോര്‍ജ്ജത്തിലേയ്ക്ക് മാറ്റുന്നത്. ഇതുസംബന്ധിച്ച്‌ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കഴിഞ്ഞ ദിവസം മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പദ്ധതി നടത്തിപ്പിനുള്ള മാനദണ്ഡം ചര്‍ച്ച ചെയ്തു.പദ്ധതി നടപ്പിലാക്കാന്‍ പൂര്‍ണ സമ്മതമാണെന്നും അതിനായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച്‌ ഫീല്‍ഡ് ലെവല്‍ പഠനം നടത്തുമെന്നും കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു.

ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച്‌ കമ്മിറ്റി രൂപീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി അറിയിച്ചു. ജില്ലയില്‍ 34 കൃഷിഭവനുകളിലും 214 പാടശേഖര സമിതികളിലുമായി 27,000 കര്‍ഷകരുമുണ്ട്. സൗരോര്‍ജ്ജവത്കരണത്തിന് സംസ്ഥാന വിഹിതവും കര്‍ഷക വിഹിതവും ചേര്‍ന്ന തുക ദേശീയ കാര്‍ഷിക വികസന ബാങ്കിന്റെ (നബാര്‍ഡ്) ഗ്രാമീണ പശ്ചാത്തല വികസന ഫണ്ടില്‍ നിന്നും നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ച്‌ വരികയാണ്. പദ്ധതി സംബന്ധിച്ച്‌ ജില്ലാതല പഠനവും നടത്തും.

Leave A Reply