ബത്തേരിയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; സ്വര്‍ണവും പണവും മോഷണം പോയി

സുല്‍ത്താന്‍ ബത്തേരി: ആളില്ലാത്ത വീട്ടില്‍നിന്ന് 90 പവൻ സ്വര്‍ണാഭരണങ്ങളും 43,000 രൂപയും കവര്‍ന്നു.
സുല്‍ത്താന്‍ ബത്തേരി ടൗണില്‍നിന്നു മൂന്ന് കിലോമീറ്റര്‍ അകലെ മന്ദണ്ടിക്കുന്ന് ശ്രീഷ്മയില്‍ ശിവദാസന്‍റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്.മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മുകള്‍ നിലയിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളും താഴെ നിലയില്‍ പഴ്സിലുണ്ടായിരുന്ന പണവുമാണ് മോഷ്ടിച്ചത്. ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് ശിവദാസനും കുടുംബവും ചൊവ്വാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണയിലേക്ക് പോയിരുന്നു.

ബുധനാഴ്ച രാത്രി തിരികെയെത്തിയപ്പോഴാണ് മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്നുള്ള പരിശോധനയിലാണ് ആഭരണങ്ങളും പണവും മോഷണം പോയത് സ്ഥിരീകരിച്ചത്. ശിവദാസന്റെ പരാതിയില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു . ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ്, സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുല്‍ ഷെരീഫ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എന്‍.ഒ. സിബി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടില്‍ പരിശോധന നടത്തി.

Leave A Reply