കനത്തമഴയില്‍ ഉപ്പുതറ പണ്ടാരംപടി പാലം തകര്‍ന്നു

ഉപ്പുതറ: കനത്തമഴയില്‍ ഉപ്പുതറ പണ്ടാരംപടി പാലം തകര്‍ന്നു. പത്തേക്കര്‍- പൊരുകണ്ണി റോഡുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.ഇതോടെ 22 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു ഞായറാഴ്ച രാത്രിയിലുണ്ടായ കനത്തമഴയില്‍ പാലത്തിന്റെ കരിങ്കല്‍ ഭിത്തി തകര്‍ന്നിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ പാലം പൂര്‍ണ്ണമായും തകര്‍ന്ന് വീഴുകയായിരുന്നു. 2018ലെ പ്രളയത്തില്‍ പാലത്തിന് സാരമായ തകരാര്‍ സംഭവിച്ചിരുന്നു.

പാലം തകര്‍ന്നതോടെ പൊരികണ്ണി പുതുവല്‍, ദാസന്‍ കട, ഒറ്റമരം 23 ഡിവിഷന്‍, പത്തേക്കര്‍ പുതുവല്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഉപ്പുതറയില്‍ എത്തുന്നതിന് രണ്ടര കിലോമീറ്ററോളം ദൂരം അധികം സഞ്ചരിക്കേണ്ട അവസ്ഥയണ്. നിലവില്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ താത്കാലിക പാലം നിര്‍മ്മിച്ചിട്ടുണ്ട്. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ.ജെ, വില്ലേജ് ഓഫീസര്‍ മോന്‍സി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

Leave A Reply