കപ്പ കൃഷി കുറഞ്ഞു; കപ്പ കിട്ടാക്കനി,വില 50 രൂപക്ക് മുകളില്‍

പനമരം: ജില്ലയില്‍ കപ്പ കൃഷി കുറഞ്ഞതോടെ കപ്പ കിട്ടാക്കനിയായി . കടകളിലെല്ലാമുള്ള കപ്പ വേഗം തീര്‍ന്നുപോകുന്ന അവസ്ഥയാണിപ്പോൾ .മുമ്ബ് ഒരു കിലോ കപ്പക്ക് 20 രൂപയും 25 രൂപയുമൊക്കെയായിരുന്നെങ്കില്‍ ഇപ്പോള്‍ 50 രൂപക്ക് മുകളില്‍ നല്‍കിയാലാണ് കപ്പ വാങ്ങാൻ സാധിക്കുക . അന്തര്‍ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന കപ്പക്കാണ് കിലോക്ക് 50 രൂപയിലധികം ഈടാക്കുന്നത്.

ഒരു കിലോ അരി വരെ 40 രൂപക്ക് കിട്ടുമ്ബോഴാണ് കപ്പ 50 രൂപയിലധികം നല്‍കി വാങ്ങേണ്ടിവരുന്നത്. ജില്ലയില്‍ മുന്‍ വര്‍ഷം കപ്പകൃഷി കുറഞ്ഞതോടെ ഇത്തവണ വിളവെടുപ്പ് കാര്യമായുണ്ടായിരുന്നില്ല. അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്ന് കപ്പ വരുന്നുണ്ടെങ്കിലും വില കൂടുതലാണ്. സാധാരണ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വയലില്‍ വെള്ളം കയറുന്ന സമയത്ത് കപ്പ വേഗത്തില്‍ വിളവെടുത്ത് വില്‍ക്കുമായിരുന്നു.

ഈ സമയങ്ങളില്‍ പത്തും പതിനഞ്ചും നല്‍കിയാല്‍ ഒരു കിലോ കപ്പയും കിട്ടും . എന്നാല്‍, ഇത് കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടാക്കിയിരുന്നത്. അപ്രതീക്ഷിതമായ കനത്ത മഴ വിളവെടുപ്പിനെ ബാധിച്ചതോടെ പലരും കപ്പ കൃഷിയില്‍നിന്ന് പിന്‍മാറി. ജില്ലയിലേക്ക് കര്‍ണാടകയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നാണ് പ്രധാനമായും കപ്പ എത്തുന്നത്.

Leave A Reply