വട്ടംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം

 

എടപ്പാള്‍: വട്ടംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം നടന്നു . ചോലക്കുന്ന് എട്ടാം വാര്‍ഡില്‍ താമസിക്കുന്ന താമരശ്ശേരി ടി.ആര്‍.സന്ദീപിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് വീടിന്‍റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് മോഷ്ടാവ് അകത്തുകടന്നത്.മുറിയിലുണ്ടായിരുന്ന ലേഡീസ് ബാഗില്‍നിന്ന് 5000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട് . അലമാര തുറന്നെങ്കിലും മുറിയില്‍ ഉറങ്ങിക്കിടന്ന സന്ദീപിന്‍റെ അമ്മ ചുമച്ചതിനാല്‍ മോഷ്ടാവ് ഇറങ്ങിയോടി എന്നാണ് കരുതുന്നത്.

മോഷണത്തിന് വന്നയാളുടേതെന്ന് കരുതപ്പെടുന്ന തോര്‍ത്തും കമ്ബിക്കഷ്ണവും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. ചങ്ങരംകുളം പൊലീസ് സ്ഥലം സന്ദര്‍ശിച്ച്‌ അന്വേഷണമാരംഭിച്ചു.മോഷ്ടാവിനെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കഴിഞ്ഞാഴ്ച അംശക്കച്ചേരിയില്‍ മാവേലി സ്റ്റോറിലും പോസ്റ്റ് ഓഫിസിലും കള്ളന്‍ കയറിയിരുന്നു. സമീപത്തെ വീട്ടില്‍നിന്ന് ബൈക്കും മോഷണം പോയിരുന്നു. പിറ്റേ ദിവസം ജനലിലൂടെ യുവതിയുടെ മാല കവര്‍ന്നതായും പരാതിയുണ്ട്.

Leave A Reply