അടിപിടിക്കേസില്‍പെട്ടയാളെ രക്ഷപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പണം തട്ടിയ ഒരാൾ കൂടി പിടിയിൽ

 

വളാഞ്ചേരി: സ്വാധീനം ഉപയോഗിച്ച്‌ അടിപിടിക്കേസില്‍പെട്ട ആളെ രക്ഷപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പണം തട്ടിയ കേസില്‍ ഒരാൾ കൂടി പൊലീസ് പിടിയിലായി.തിരുവനന്തപുരം പട്ടം മുട്ടട സ്വദേശി രോഹിണി നിവാസില്‍ നിധിന്‍ അനന്തപുരിയെ (43) എറണാകുളത്തുനിന്നാണ് പിടികൂടിയത്.
താനൂര്‍ ചെറുപുരക്കല്‍ അസ്കര്‍ (35), പുറമണ്ണൂര്‍ ഇരുമ്ബലയില്‍ സിയാദ് (40) എന്നിവരെ എസ്.എച്ച്‌.ഒ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തിലെ സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നാം പ്രതിയും വലയിലായത്. ഒരു മാസം മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത് .

അടിപിടിക്കേസില്‍ ഉള്‍പ്പെട്ട വലിയകുന്ന് സ്വദേശിയായ വ്യക്തിയുടെ ഭാര്യയുടെ പരാതിയിലായിരുന്നു അറസ്റ്റ് നടന്നത് .പരാതിക്കാരിയുടെ ഭര്‍ത്താവും മറ്റൊരു വ്യക്തിയും തമ്മില്‍ വാഹനം മറികടക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഈ കേസില്‍ ഉള്‍പ്പെട്ടയാള്‍ക്കെതിരെ കേസ് ശക്തമാക്കാമെന്നും കേസിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന് പറഞ്ഞുമാണ് പ്രതികള്‍ പരാതിക്കാരിയുടെ ഭര്‍ത്താവിനെ സമീപിച്ചത്. പറഞ്ഞുവിശ്വസിപ്പിച്ച പ്രതികള്‍ ഇയാളില്‍നിന്ന് 1,27,000 രൂപ കൈക്കലാക്കി.

തുക വാങ്ങിയിട്ടും കേസില്‍ പ്രത്യേകിച്ച്‌ വഴിത്തിരിവുകള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്.ഇതേതുടര്‍ന്നാണ് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്.മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുമായി ബന്ധമുണ്ടെന്നും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി പിടിപാടുണ്ടെന്നും പറഞ്ഞുമാണ് മൂവരും സ്വാധീനിച്ചതെന്നും തേഞ്ഞിപ്പലത്ത് എസ്‌.ഐയെ 2016ല്‍ തട്ടിക്കൊണ്ടുപോയ കേസും പ്രതിയായ നിധിനെതിരെ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.

വളാഞ്ചേരി എസ്.എച്ച്‌.ഒ കെ.ജെ. ജിനേഷിന്റെ നിര്‍ദേശനുസരണം എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, അസീസ്, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ. പത്മിനി, സി.പി.ഒമാരായ വിനീത്, ദീപു എന്നിവര്‍ ചേര്‍ന്ന് തൃക്കാക്കര എ.സി.പിയുടെ സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ പിടികൂടിയത്.

Leave A Reply