കോണ്‍ഗ്രസ് നേതാക്കളുടെ പീഡന ആരോപണത്തിന് തുടക്കമിട്ട വിവാദ കത്ത് പുറത്തുവിട്ടത് നന്ദകുമാറാണ്

സോളാര്‍ കേസില്‍ സിബിഐ ദല്ലാള്‍ നന്ദകുമാറിന്റെ മൊഴിയെടുത്തു. ഡല്‍ഹിയില്‍ വച്ചാണു മൊഴിയെടുത്തത് . കേസിലെ പരാതിക്കാരി എഴുതിയ കത്ത്‌ പുറത്തുവന്നതുമായി ബന്ധപ്പെട്ടാണു മൊഴി രേഖപ്പെടുത്തിയത്‌.

കഴിഞ്ഞ ദിവസം അശോകാ ഹോട്ടലില്‍ വച്ചാണു മൊഴിയെടുത്തതെന്നാണ്‌ അറിയുന്നത്‌. മൊഴിയെടുക്കല്‍ രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. ആറ്‌ എഫ്‌.ഐ.ആറുകളുടെ അടിസ്‌ഥാനത്തിലാണു കേസിന്റെ തുടര്‍നടപടികള്‍. അതില്‍ ഒരു എഫ്‌.ഐ.ആറിലെ കേസ്‌ അന്വേഷിക്കുന്ന സംഘമാണിപ്പോള്‍ നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്‌.

പരാതിക്കാരിയുടെ കത്തു പുറത്തുവിടുന്നതുമായി ബന്ധപ്പെട്ടു നന്ദകുമാര്‍ പണം കൈപ്പറ്റിയെന്ന നിലയിലുള്ള മൊഴി നിലവില്‍ സി.ബി.ഐയുടെ മുന്നിലുണ്ട്‌. ഈ കത്തിന്റെ ഒറിജിനല്‍ ബാലകൃഷ്‌ണപിള്ളയുടെ കൈവശമായിരുന്നു. ഇതെങ്ങനെ പുറത്തായെന്നതു സംബന്ധിച്ചും വിവരങ്ങള്‍ സി.ബി.ഐ. ചോദിച്ചറിഞ്ഞു.

സോളര്‍ കേസില്‍ പരാതിക്കാരിയെ നിയന്ത്രിച്ചത് വിവാദ വ്യവസായി ‘ദല്ലാള്‍ നന്ദകുമാർ’ ആണെന്ന വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ സഹചാരിയായിരുന്ന തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി വിനുകുമാര്‍ രംഗത്തെത്തിയിരുന്നു .

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പീഡന ആരോപണത്തിന് തുടക്കമിട്ട വിവാദ കത്ത് പുറത്തുവിട്ടത് നന്ദകുമാര്‍ ആണ്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും നന്ദകുമാറിന്റെ നിര്‍ദേശപ്രകാരമെന്നും വിനുകുമാര്‍ പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തിന് പിന്നാലെ ഇ എം സി സി ഡയറക്ടറായിരുന്ന ഷിജു എം.വര്‍ഗീസ് കുണ്ടറയില്‍ മുൻമന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ സ്ഥാനാര്‍ഥിയായതിനു പിന്നിലും നന്ദകുമാറാണെന്ന് വിനുകുമാര്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് ദിവസം ഷിജുവിന്റെ കാര്‍ ആക്രമിച്ചതും നന്ദകുമാറിന്റെ ഗൂഢാലോചനയാണെന്നും വിനുകുമാര്‍ പറഞ്ഞു. കാറിന് ബോംബെറിഞ്ഞ കേസില്‍ ഒന്നാം പ്രതിയാണ് വിനു. തന്നെ കേസില്‍ കുടുക്കിയതാണെന്ന് വിനുകുമാര്‍ അവകാശപ്പെടുന്നു.

Video Link

https://youtu.be/cY2uMTMoliI

Leave A Reply