പമ്ബയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസുകള്‍ അയച്ചത് കണ്ടക്ടര്‍മാര്‍ ഇല്ലാതെ

പത്തനംതിട്ട: നിറപുത്തരി പൂജക്ക് ശബരിമല നട തുറന്ന ബുധനാഴ്ച തീര്‍ഥാടകരുമായി പമ്ബയിലേക്ക് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് ബസുകള്‍ ഓടിയത് കണ്ടക്ടര്‍മാര്‍ ഇല്ലാതെയാണ്.വഴിയില്‍ അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ബസുകള്‍ക്ക് കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ല.കെ.എസ്.ആര്‍.ടി.സിയുടെ ചീഫ് ഓഫിസില്‍നിന്ന് എത്തിയ പമ്ബ കെ.എസ്.ആര്‍.ടി.സി ഡിപ്പോ സ്പെഷല്‍ ഓഫിസറുടെ തീരുമാന പ്രകാരമാണ് കണ്ടക്ടര്‍ ഇല്ലാത്ത ബസുകള്‍ ഓടിച്ചതെന്ന് അറിയുന്നു. പമ്ബ സ്പെഷല്‍ സര്‍വിസിനായി തിരുവനന്തപുരം അടക്കം മറ്റ് ഡിപ്പോകളില്‍ നിന്ന് പതിനഞ്ച് ബസുകള്‍ പത്തനംതിട്ട ഡിപ്പോയില്‍ എത്തി.

ഈ ബസുകളില്‍ തീര്‍ഥാടകര്‍ കയറിയപ്പോള്‍ രണ്ട് കണ്ടക്ടര്‍ കയറി പമ്ബ ടിക്കറ്റുകള്‍ നല്‍കി. ബസ് വിടാറായപ്പോള്‍ കണ്ടക്ടര്‍മാര്‍ ഇറങ്ങുകയും ചെയ്തു. പമ്ബക്ക് പോയ ബസുകള്‍ക്ക് മൈലപ്രയിലും വടശ്ശേരിക്കരയിലും പെരുനാട്ടിലും തീര്‍ഥാടകര്‍ അടക്കമുള്ള യാത്രക്കാര്‍ കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ല.

നിലക്കല്‍ നിര്‍ത്തിയ ബസില്‍ പമ്ബക്ക് പോകാനായി വീണ്ടും ആളുകള്‍ കയറി. അവിടെയുണ്ടായിരുന്ന കണ്ടക്ടര്‍ ബസില്‍ കയറി പമ്ബക്ക് ടിക്കറ്റുകള്‍ നല്‍കിയശേഷം ഇറങ്ങുകയായിരുന്നു . തുടര്‍ന്നും കണ്ടക്ടറില്ലാതെയാണ് ബസ് പമ്ബക്ക് പോയത്.പമ്ബയില്‍നിന്ന് തിരികെ വിട്ട ബസുകളിലും ഇതേ ക്രമീകരണമായിരുന്നു ഉണ്ടായത് . നേരത്തേ പത്തനംതിട്ട ഡിപ്പോയിലെ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍മാരായിരുന്നു നിലയ്ക്കല്‍, പമ്ബ എന്നിവിടങ്ങളില്‍നിന്ന് ബസുകള്‍ ഓപറേറ്റ് ചെയ്തിരുന്നത്.

വഴിയില്‍ നിന്ന് യാത്രക്കാരെ കയറ്റിയിരുന്നതിനാല്‍ വരുമാനത്തില്‍ വര്‍ധനവുണ്ടായിരുന്നു. കണ്ടക്ടര്‍ ഇല്ലാത്ത പുതിയ പരിഷ്കാരത്തില്‍ വരുമാനം കുറഞ്ഞു. ബസുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതെ പമ്ബക്ക് പോയാല്‍ വഴിയില്‍ തടയുമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴികാല അറിയിച്ചു.അതേസമയം, പത്തനംതിട്ട ഡിപ്പോ അധികൃതര്‍ ഓപറേറ്റ് ചെയ്ത പമ്ബ ബസുകളില്‍ കണ്ടക്ടര്‍മാര്‍ ഉണ്ടായിരുന്നു. ബസുകള്‍ വഴിയില്‍നിന്ന് യാത്രക്കാരെ കയറ്റുകയും ചെയ്തു.

Leave A Reply