ഹോര്‍ട്ടികോര്‍പ്പിന്‍റെ അനാസ്ഥ; ആയിരം കിലോ പച്ചക്കറി നശിച്ചു

നെടുമങ്ങാട്: കര്‍ഷകര്‍ നെടുമങ്ങാട് ഗ്രാമീണ കാര്‍ഷിക മൊത്ത വ്യാപാര വിപണിയില്‍ എത്തിച്ച ആയിരം കിലോ പച്ചക്കറി നശിച്ചു.ഹോര്‍ട്ടികോര്‍പ്പിന്‍റെ അനാസ്ഥ കാരണമാണ് ഇവ നശിച്ചത്.കൃത്യസമയത്ത് ഹോര്‍ട്ടികോര്‍പ് ഏറ്റെടുക്കാതെയും ബാക്കിയുള്ളത് കൂള്‍ ചേംബറില്‍ സൂക്ഷിക്കാതെയുമാണ് പച്ചക്കറി നശിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വിപണിയിലെത്തിച്ച പച്ചക്കറിയാണ് അഴുകിയത്. തിങ്കളാഴ്ച കൊണ്ടുവന്ന പച്ചക്കറി ചൊവ്വാഴ്ചയും മാര്‍ക്കറ്റിലേക്ക് മാറ്റാത്തതാണ് നശിക്കാനിടയാക്കിയതെന്ന് കര്‍ഷകര്‍ ആരോപിച്ചു.

നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ കര്‍ഷകരാണ് മാര്‍ക്കറ്റില്‍ പച്ചക്കറി എത്തിച്ച്‌ ഹോര്‍ട്ടികോര്‍പ്പിന് വില്‍ക്കുന്നത്. എന്നത്തെയും പോലെ എത്തിച്ച പച്ചക്കറിയുടെ ഒരുഭാഗം മാത്രം ഹോര്‍ട്ടികോര്‍പ് ഏറ്റെടുക്കുകയും ബാക്കിയുള്ളവ ഉപേക്ഷിക്കുകയുമായിരുന്നു. എന്നാല്‍, മിച്ചമുള്ളത് കൂള്‍ ചേംബറിലേക്ക് മാറ്റിയില്ല. 50 ലക്ഷം രൂപയോളം ചെലവഴിച്ച്‌ നിര്‍മിച്ച കൂള്‍ ചേംബര്‍ ഇവിടെയുള്ളപ്പോഴാണ് പച്ചക്കറി പുറത്തിട്ട് അഴുക്കിയത്.

ബുധനാഴ്ച മാക്കറ്റിലെത്തിയപ്പോഴാണ് തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഏറ്റെടുക്കാതെ പുറത്തുകിടന്ന് അഴുകി നശിക്കുന്ന കാഴ്ച കര്‍ഷകര്‍ കാണുന്നത്. പടവലവും വെള്ളരിയുമാണ് നശിച്ചത്. ഹോര്‍ട്ടികോര്‍പ്പിന്‍റെ അനാസ്ഥ മഴക്കെടുതിക്ക് പിന്നാലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി.കര്‍ഷകര്‍ വിപണിയിലെത്തിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ് ഏറ്റെടുത്ത് വില നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ്. ഇതനുസരിച്ചാണ് കര്‍ഷകര്‍ വിപണിയില്‍ പച്ചക്കറി എത്തിക്കുന്നത്. കര്‍ഷകരുടെ പച്ചക്കറി സംഭരിക്കാനോ വിപണനം ചെയ്യാനോ തയാറാകാത്ത ഹോര്‍ട്ടി കോര്‍പ്പിന്‍റെ നടപടി മനുഷത്വരഹിതമാണെന്ന് കെ.പി.സി.സി മുന്‍ നിര്‍വാഹക സമിതി അംഗം ആനാട് ജയന്‍ ആരോപിച്ചു.

Leave A Reply