റഫറല്‍ സംവിധാനം ആദ്യഘട്ടം തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കും

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളുടെ ഭാരം കുറയ്ക്കാനും രോഗികള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കാനുമായുള്ള റഫറല്‍, ബാക്ക് റഫറല്‍ സംവിധാനം ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കും .ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്‌കരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഉണ്ടെന്നിരിക്കെ രോഗികളെ അനാവശ്യമായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യാന്‍ പാടില്ലെന്നതാണ് പ്രധാന നിര്‍ദേശം.

ഓരോ ആശുപത്രിയിലും റഫറല്‍ രജിസ്റ്റര്‍ ഉണ്ടായിരിക്കുന്നതാണ് . നല്‍കിയ ചികിത്സയും ഏത് സാഹചര്യത്തിലാണ് റഫര്‍ ചെയ്തതെന്നും അതില്‍ വ്യക്തമാക്കും. ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കണം. അനാവശ്യ റഫറന്‍സുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാകും.

നിലവിലെ റഫറല്‍, ബാക്ക് റഫറല്‍ മാനദണ്ഡങ്ങള്‍ പുതുക്കിയായിരിക്കും പദ്ധതി നടപ്പാക്കുക. ദ്വിതീയതല ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കിയായിരിക്കും റഫറല്‍, ബാക്ക് റഫറല്‍ സംവിധാനം നടപ്പിലാക്കുക.

Leave A Reply