പുന്നമൂട് പബ്ലിക് മാര്‍ക്കറ്റില്‍ നിന്ന് 200 കിലോ ചീഞ്ഞ ചൂര പിടികൂടി

വര്‍ക്കല: പുന്നമൂട് പബ്ലിക് മാര്‍ക്കറ്റില്‍ നിന്ന് കേടുവന്നതും രാസവസ്തുക്കള്‍ കലര്‍ത്തിയതുമായ 200 കിലോ ചൂര മീന്‍ പിടികൂടി.നഗരത്തിലെ ഏറ്റവും വലിയ പബ്ലിക് മാര്‍ക്കറ്റാണ് പുന്നമൂട് മാര്‍ക്കറ്റ്. നൂറോളം മത്സ്യക്കച്ചവടക്കാര്‍ ഇവിടെ നിത്യേന മീനുമായി വില്‍പനക്കെത്താറുണ്ട്.പുന്നമൂട് മാര്‍ക്കറ്റിലെ മത്സ്യ വില്‍പനയെ സംബന്ധിച്ച്‌ നഗരസഭക്കും ഫുഡ് സേഫ്റ്റി വിഭാഗത്തിനും നിരന്തരം പരാതികള്‍ ലഭിക്കുന്നതും അടിക്കടി അധികൃതര്‍ പരിശോധന നടത്തുന്നതും പതിവാണ്.

പഴകിയതും പുഴുവരിച്ചതും മാരകമായ രാസവസ്തുക്കള്‍ കലര്‍ത്തിയതുമായ മത്സ്യം വില്‍പനക്ക് വെച്ചത് പിടിച്ചെടുക്കാറുമുണ്ട്. ഇത്തരത്തിലുള്ള മത്സ്യം വില്‍ക്കാന്‍ ശ്രമിച്ചവരില്‍ നിന്നെല്ലാം പിഴ ഈടാക്കുകയും പിടികൂടി മത്സ്യം നശിപ്പിക്കുന്നതും പതിവാണ്. എങ്കിലും ഉപയോഗശൂന്യമായ മത്സ്യം വില്‍പന മാത്രം തടയാനാകുന്നില്ല. മിന്നല്‍ പരിശോധന നടത്തിയതിന്‍റെ അടുത്ത ദിവസം ഇവിടെ നല്ല മത്സ്യം ലഭിക്കുമെങ്കിലും മൂന്നാംനാള്‍ മുതല്‍ പിന്നെയും പഴയ പടിയാവുകയാണ് കാര്യങ്ങള്‍.

നാവായിക്കുളം, 28ാം മൈല്‍, ആലംകോട് എന്നിവിടങ്ങളിലെ കമീഷന്‍ മൊത്തക്കടകളില്‍ നിന്ന് മാര്‍ക്കറ്റിലെത്തുന്ന മത്സ്യമാണ് അപകടകാരികള്‍. മാര്‍ക്കറ്റുകളിലും വരിയോരങ്ങളിലും പ്രാദേശികമായി സൈക്കിളുകളിലും ഇരുചക്ര വാഹനങ്ങളിലും കൊണ്ടുനടന്ന് വില്‍പന നടത്തുന്നവരില്‍ ഭൂരിഭാഗം പേരും മായം കലര്‍ന്ന മീനാണ് വില്‍ക്കുന്നത്.മിക്കവാറും എല്ലാ ദിവസങ്ങളിലും പുന്നമൂട് മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന നടത്താനാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍റെ തീരുമാനം. ഫുഡ് സേഫ്റ്റി ഓഫിസര്‍ പ്രവീണ്‍, വര്‍ക്കല നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനില്‍, അനീഷ്, സരിത, അരുണ്‍ എന്നിവരടങ്ങിയ ടീമാണ് പരിശോധന നടത്തിയത്.

Leave A Reply