ദേശീയപാത വികസനം; റോഡ് ഉഴുത് മറിച്ചും സര്‍വിസ് റോഡുകള്‍ ഇല്ലാതാക്കിയും പ്രവൃത്തി,യാത്രക്കാർ ദുരിതത്തിൽ

വടകര: ദേശീയപാത വികസനം ത്വരിതഗതിയില്‍ പുരോഗമിക്കുമ്ബോള്‍ പരാതി പ്രളയം. റോഡ് ഉഴുത് മറിച്ചും സര്‍വിസ് റോഡുകള്‍ ഇല്ലാതാക്കിയും പ്രവൃത്തി നടത്തുന്നത് ജനജീവിതം ദുരിതമാക്കിയിരിക്കുകയാണ്.കൈനാട്ടി മുതല്‍ അഴിയൂര്‍ വരെയുള്ള അഴിയൂര്‍ റീച്ചന്റെ പ്രവൃത്തിയാണ് നടക്കുന്നത്. പഴയ ദേശീയപാത കെ.ടി ബസാര്‍ നാദാപുരം റോഡ് ഭാഗം വരെ കീറിമുറിച്ചിട്ടുണ്ട്. ദേശീയപാതയോട് ചേര്‍ന്ന് മിക്ക സര്‍വിസ് റോഡുകളിലേക്കും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണിപ്പോൾ . ഈ ഭാഗങ്ങളിലേക്ക് കാല്‍നട ദുസ്സഹമാണ്. റോഡ് ഉഴുത് മറിച്ചതിനാല്‍ കാലവര്‍ഷത്തില്‍ ചളിക്കളമായി മാറി . ദേശീയ പാതയോട് ചേര്‍ന്ന നിരവധി കുടുംബങ്ങളാണ് യാത്ര സൗകര്യത്തില്‍ വീര്‍പ്പുമുട്ടി കഴിയുന്നത്.

ഒരു ഭാഗത്ത് സര്‍വിസ് റോഡുകള്‍ നിഷേധിക്കുകയും മറുഭാഗത്ത് നിലവിലുള്ള റോഡുകളിലേക്കുള്ള യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്. വീടുകള്‍ക്ക് മുമ്ബില്‍ മതില്‍ നിര്‍മിക്കാന്‍ വ്യക്തമായ മറുപടി അധികൃതരുടെ ഭാഗത്ത്നിന്ന് ഇത് വരെ ഉണ്ടായിട്ടില്ല. പാത നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ കമ്ബനിയുടെ ആസൂത്രണത്തിലെ പാളിച്ചകളാണ് ജനജീവിതം ദുരിതമാക്കാനിടയാക്കുന്നതെന്ന ആക്ഷേപമുണ്ട്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്ന് കര്‍മസമിതി ജില്ല കമ്മിറ്റിയോഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .

സഞ്ചാരസ്വാതന്ത്ര്യം ഉറപ്പ് വരുത്താന്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭവും നിയമപരമായ പോരാട്ടത്തിനും നേതൃത്വം നല്‍കും. കണ്‍വീനര്‍ എ.ടി മഹേഷ് അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്ബാല, പി.കെ. കുഞ്ഞിരാമന്‍, പി. സുരേഷ്, പി. ബാബുരാജ്, പി. പ്രകാശ് കുമാര്‍, ടി. ചന്ദ്രന്‍, ഡോ. എം.പി. രാജന്‍, സുരേഷ് ബാബു പുതുപ്പണം എന്നിവര്‍ സംസാരിച്ചു.

Leave A Reply