നഗരത്തിലെ വെള്ളക്കെട്ടില്‍ ‘മുങ്ങി’ കൊച്ചി കോര്‍പറേഷന്‍റെ പൊതുചര്‍ച്ച

കൊച്ചി: കൊച്ചി കോര്‍പറേഷന്‍റെ പൊതുചര്‍ച്ച നഗരത്തിലെ വെള്ളക്കെട്ടില്‍ ‘മുങ്ങി’ . റെഡ് അലര്‍ട്ട് അടക്കം ശക്തമായ മഴ സംബന്ധിച്ച മുന്നറിയിപ്പ് ഉണ്ടായിട്ടും നഗരസഭക്ക് ഒന്നും ചെയ്യാനായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.കൗണ്‍സിലര്‍മാര്‍ക്കുപോലും നാണംകെട്ട് കാനകളില്‍ ഇറങ്ങി ഒഴുക്കിന്‍റെ തടസ്സം നീക്കേണ്ടിവന്നു. കാനകളിലേക്ക് വെള്ളം ഒഴുകുന്നതിനുപകരം കാനകളിലെ വെള്ളം റോഡിലേക്ക് ഒഴുകുന്ന സ്ഥിതിയായിരുന്നു.
ഹൈകോടതിയുടെ അകത്ത് അടക്കം വെള്ളം കയറിയെന്ന് പ്രതിപക്ഷനേതാവ് ആന്‍റണി കുരീത്തറ പറഞ്ഞു. ദ്രവിച്ച മരങ്ങളും ചില്ലകളും വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പലതവണ കത്ത് നല്‍കിയിരുന്നു. പലയിടത്തും മുടിനാരിഴക്കാണ് അപകടം ഒഴിവായത്. എം.ജി റോഡില്‍ അടക്കം നിരവധി കടകളില്‍ വെള്ളം കയറിയിട്ടുണ്ട് .

രണ്ടര മണിക്കൂര്‍ മഴ പെയ്തപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഒരുദിവസം മുഴുവന്‍ നിന്നു പെയ്താല്‍ നഗരത്തിന്‍റെ സ്ഥിതി എന്താകുമെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ ചോദിച്ചു. ജഡ്ജസ് അവന്യൂവിലെ വെള്ളക്കെട്ടിനും പരിഹാരമായില്ല. പേരണ്ടൂര്‍ കനാലില്‍നിന്ന് അവിടേക്ക് വെള്ളം തിരിച്ചുകയറുന്ന സ്ഥിതിയാണിപ്പോൾ . കനാലില്‍ പെട്ടിയും പറയും വന്നിട്ടും പ്രശ്നപരിഹാരം അകലെയാണ്. കായലുകള്‍ അടിയന്തരമായി ഡ്രഡ്ജ് ചെയ്യണമെന്ന ആവശ്യവും എങ്ങുമെത്തിയില്ല. പല കാര്യത്തിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാര്യങ്ങള്‍ ഇത്തരത്തിലെത്തിക്കുന്നതെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.

നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം അഞ്ചുവര്‍ഷം കൊണ്ട് പരിഹരിക്കുമെന്ന് എല്‍.ഡി.എഫ് ജനങ്ങള്‍ക്ക് കൊടുത്ത ഉറപ്പാണെന്നും അത് ചെയ്തിരിക്കുമെന്നും ഭരണകക്ഷി കൗണ്‍സിലര്‍ ശ്രീജിത്ത് പറഞ്ഞു. അതേ സമയം, മാലിന്യനീക്കത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു.യൂസര്‍ ഫീ പിരിക്കുന്ന കാര്യത്തിലെ അപാകത പരിഹരിക്കുമെന്ന്‌ മേയര്‍ കൗണ്‍സിലില്‍ പറഞ്ഞു. ഇപ്പോള്‍ എച്ച്‌.ഐമാരും തൊഴിലാളികളുമാണ്‌ യൂസര്‍ഫീ പിരിക്കുന്നത്‌. ഇതുസംബന്ധിച്ച്‌ ഒരു കണക്കും കോര്‍പറേഷനില്‍ ഇല്ല. മറ്റ്‌ കോര്‍പറേഷനുകളില്‍ ഒരു മേല്‍നോട്ട കമ്മിറ്റിയാണ്‌ ഇത്‌ ചെയ്യുന്നത്‌.

ആ രീതിയിലേക്ക്‌ മാറാന്‍ ഡിവിഷന്‍ തലത്തില്‍ റിപ്പോര്‍ട്ട്‌ തയാറാക്കി ആരോഗ്യ ധനകാര്യ കമ്മിറ്റികള്‍ക്ക്‌ നല്‍കും. മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളുടെ വിന്യാസത്തിലും ഇടക്കിടക്ക് പുനഃക്രമീകരണം നടത്താനും കൗണ്‍സില്‍ തീരുമാനിച്ചു. വെള്ളക്കെട്ട്‌ പരിഹരിക്കാന്‍ ഡ്രെയിനേജ്‌ മാസ്‌റ്റര്‍ പ്ലാന്‍ ഉണ്ടാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.

Leave A Reply