ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉ‍യരുന്നു; അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചാലക്കുടി പുഴയില്‍ വൈകീട്ടോടെ ജലനിരപ്പ് ഉയരും എന്ന് മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ മാറിത്താമസിക്കാന്‍ തയാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണം. 2018ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാമ്ബുകളിലേക്ക് മാറണമെന്നും . സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അല്ലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട് .കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ്.

താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.ജലനിരപ്പ് ഉയര്‍ന്ന പ്രദേശങ്ങളില്‍, പ്രത്യേകിച്ചും പുഴകളുടെ കരകളില്‍, പുഴയില്‍, കായലില്‍, കുളങ്ങളില്‍ വിനോദ സഞ്ചാരം, കുളിക്കല്‍, തുണി കഴുകല്‍, ചൂണ്ട ഇടല്‍ എന്നിവ ഒഴിവാക്കുക. എല്ലാ വീടുകളിലും എമര്‍ജന്‍സി കിറ്റുകള്‍ തയാറാക്കി വക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഗൗരവത്തോടെ കാണേണ്ടതാണ്.

ലോവര്‍ പെരിയാര്‍ (ഇടുക്കി), കല്ലാര്‍കുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാര്‍ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാര്‍ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്.വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. അടിയന്തിര സഹായങ്ങള്‍ക്കായി ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്ബര്‍ ആയ 1077ല്‍ വിളിക്കേണ്ടതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave A Reply