‘ഹര്‍ ഘര്‍ തിരംഗ’; കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വീടുകളിലും ദേശീയ പതാകകള്‍ ഉയരും

കോഴിക്കോട്: ദേശീയ പതാകയ്ക്ക് കൂടുതല്‍ ആദരവ് നല്‍കുന്നതിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ‘ഹര്‍ ഘര്‍ തിരംഗ’ യുടെ ഭാഗമായി ഓഗസ്റ്റ് 13 ന് ജില്ലയിലെ മുഴുവന്‍ വീടുകളിലും പതാകകള്‍ ഉയരും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിര്‍മ്മിക്കുന്നത് രണ്ടരലക്ഷത്തോളം ത്രിവര്‍ണ പതാകകളാണ്. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്താനാണ് നിര്‍ദേശം.

ഓഗസ്റ്റ് 12ന് മുന്‍പ് പതാകകള്‍ കുടുംബശ്രീ യൂണിറ്റുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും. ഇവ വിദ്യാലയങ്ങളിലും വീടുകളിലും വിതരണം ചെയ്യും. നാല് വ്യത്യസ്ത അളവുകളിലാണ് പതാകകള്‍ നിര്‍മ്മിക്കുന്നത്. കോട്ടണ്‍ തുണിയിലും പോളിസ്റ്റര്‍ തുണിയിലും പതാകകള്‍ നിര്‍മ്മിക്കുന്നുണ്ട്. 900*600 എം. എം അളവിലുള്ള കോട്ടണ്‍ പതാകയ്ക്ക് നാല്പത് രൂപയാണ് വില. ഈ അളവിലുള്ള പോളിസ്റ്റര്‍ മിക്‌സ് തുണിയിലുള്ള പതാക 30 രൂപയ്ക്ക് ലഭിക്കും. 150*100 എം.എം അളവിലുള്ള കോട്ടന്‍ പതാകയ്ക്ക് 25 രൂപയും പോളിസ്റ്റര്‍ മിക്സിന് 20 രൂപയുമാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായാണ് രാജ്യത്തെ ഓരോ വീട്ടിലും ദേശീയ പതാക ഉയര്‍ത്തുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷങ്ങളാണ് നടത്തുക. ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂള്‍ കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തും.

Leave A Reply