പുന്നമൂട് മാർക്കറ്റിൽ നിന്നും രാസവസ്തുക്കള്‍ ചേര്‍ത്ത 200 കിലോ മത്സ്യം പിടികൂടി

വർക്കല: പുന്നമൂട് പബ്ലിക് മാർക്കറ്റിൽ നിന്ന് ഇന്നലെ മാത്രം പിടിച്ചെടുത്തത് കേടുവന്നതും രാസവസ്തുക്കൾ കലർത്തിയതുമായ 200 കിലോ ചൂര മീൻ. നഗരത്തിലെ ഏറ്റവും വലിയ പബ്ലിക് മാർക്കറ്റാണ് പുന്നമൂട് മാർക്കറ്റ്.ഇവിടെ നിത്യവും നൂറോളം മത്സ്യക്കച്ചവടക്കാർ ആണ് മീനുമായി വിൽപനക്കെത്തുന്നത്.

പുന്നമൂട് മാർക്കറ്റിലെ മത്സ്യ വിൽപനയെ പറ്റി നഗരസഭക്കും ഫുഡ് സേഫ്റ്റി വിഭാഗത്തിനും നിരന്തരം പരാതികൾ ലഭിക്കുന്നതും അടിക്കടി അധികൃതർ പരിശോധന നടത്തുന്നതും ചെയ്യുന്നത് പതിവാണ്. പഴകിയതും പുഴുവരിച്ചതും മാരകമായ രാസവസ്തുക്കൾ കലർത്തിയതുമായ മത്സ്യം വിൽപനക്ക് വെച്ചത് പിടിച്ചെടുക്കാറുമുണ്ട്. ഇത്തരത്തിൽ നടത്തുന്ന പരിശോധനയിൽ മത്സ്യം വിൽക്കാൻ ശ്രമിച്ചവരിൽ നിന്നെല്ലാം പിഴ ഈടാക്കുകയും പിടികൂടി മത്സ്യം നശിപ്പിക്കുന്നതും പതിവാണ്. എങ്കിലും ഉപയോഗശൂന്യമായ മത്സ്യം വിൽപന മാത്രം തടയാനാകുന്നില്ല. മിന്നൽ പരിശോധന നടത്തിയതിന്‍റെ അടുത്ത ദിവസം ഇവിടെ നല്ല മത്സ്യം ലഭിക്കുമെങ്കിലും മൂന്നാംനാൾ മുതൽ പിന്നെയും കാര്യങ്ങൾ പഴയപടിയാകും.

ഇതോടെ പുന്നമൂട് മാർക്കറ്റിൽ മിക്കവാറും എല്ലാ ദിവസങ്ങളിലും മിന്നൽ പരിശോധന നടത്താനാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍റെ തീരുമാനം. ഫുഡ് സേഫ്റ്റി ഓഫിസർ പ്രവീൺ, വർക്കല നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽ, അനീഷ്, സരിത, അരുൺ എന്നിവരടങ്ങിയ ടീമാണ് പ്രദേശത്ത് പരിശോധന നടത്തിയത്.

Leave A Reply