കോഴിക്കോട് സ്വദേശിനിയായ വ്‌ളോഗറുടെ ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട്: ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനിയായ വ്‌ളോഗറുടെ ഭര്‍ത്താവ് അറസ്റ്റില്‍. പോക്സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസര്‍കോടുനിന്ന് യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ് അറസ്റ്റ്.

വ്ളോഗര്‍, ആല്‍ബം താരം എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു പെണ്‍കുട്ടി. കോഴിക്കോട് ബാലുശേരി സ്വദേശിനിയായ പെണ്‍കുട്ടിയെ ഫെബ്രുവരി അവസാനമാണ് ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. മരണത്തിന് തൊട്ടുതലേന്നുവരെ സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

യുവാവ് പെണ്‍കുട്ടിയെ നിരന്തരം മര്‍ദിച്ചിരുന്നു എന്നതിന്റെ തെളിവുകളും പിന്നീട് പുറത്തെത്തി. പെണ്‍കുട്ടിക്കും ഭര്‍ത്താവിനും ഒപ്പം മുറി ഷെയര്‍ ചെയ്തിരുന്ന മറ്റൊരു യുവാവ് റെക്കോര്‍ഡ് പെണ്‍കുട്ടിയും ഇയാളും തമ്മിലുളള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. പെണ്‍കുട്ടി മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ഈ യുവാവാണ് ഈ സംഭാഷണം വീഡിയോയായി റെക്കോഡ് ചെയ്തത്. രഹസ്യമായി റെക്കോര്‍ഡ് ചെയ്ത വീഡിയോ പോലീസ് പിടിച്ചെടുത്ത യുവാവിന്റെ ഫോണില്‍ നിന്നാണ് വീണ്ടെടുത്തത്.

25 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തന്നെ നിരന്തരം മര്‍ദിക്കുന്നതില്‍ പെണ്‍കുട്ടിക്കുള്ള പരാതികളാണ് പറയുന്നത്. ‘ശരിക്കും ഒരാണ് വേറെ ഒരാണിനെ തല്ലുന്നത് പോലുള്ള തല്ലല്ലേടാ എന്നെ തല്ലുന്നത്, എനിക്കെന്തെങ്കിലും ആയിപ്പോയാ ഭര്‍ത്താവ് എന്താക്കും എന്നെ സഹിക്കണ്ടേ, എന്റെ തലയ്ക്ക് ഒക്കെ അടിയേറ്റിട്ട് ഞാന്‍ എന്തെങ്കിലും ആയിപ്പോയാ അയാള്‍ എന്താക്കും’ എന്നെല്ലാം പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്.

സംസ്‌കരിച്ച് രണ്ടുമാസത്തിനു ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. തൂങ്ങിമരണം എന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന്, പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെങ്കില്‍ അതിലേക്ക് നയിച്ച കാരണം കണ്ടെത്തണമെന്ന് മാതാവ് ആവശ്യപ്പെട്ടിരുന്നു. മകളെ ആരാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് കണ്ടെത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

Leave A Reply