4 വാല്‍വ് എന്‍ജിനുമായി എക്‌സ്പള്‍സ് 200ടി ഉടന്‍

അഡ്വഞ്ചര്‍ വിഭാഗത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചവരില്‍ മുന്‍പന്തിയിലാണ് ഹീറോ എക്‌സ് പള്‍സ്. അഡ്വഞ്ചര്‍ യാത്രകള്‍ക്ക് എക്‌സ്പള്‍സ് കഴിവുകള്‍ തെളിയിച്ചു കഴിഞ്ഞതാണ്. പുതിയ റാലി എഡിഷനും വാഹനത്തിനു ലഭിച്ചിരുന്നു. എന്നാല്‍ സിറ്റി ടൂറര്‍ വിഭാഗത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ പുതുക്കിയ എക്‌സ് പള്‍സ് 200ടി ഉടനെത്തുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ടെലിവിഷന്‍ പരസ്യത്തിന്റെ ഷൂട്ടിനിടെ എടുത്ത വാഹനത്തിന്റെ ചിത്രങ്ങള്‍ വാഹനപ്രേമികള്‍ക്കിടയില്‍ വൈറലായിരുന്നു. ഇക്കുറി കൂടുതല്‍ മികച്ച വിവരങ്ങളുള്ള ചിത്രങ്ങളാണ് പുറത്തുവരുന്നത്. മുന്‍ മോഡലില്‍ നിന്നു ഏറെ വ്യത്യസ്തമാണ് പുതിയ മോഡലെന്ന് ചിത്രങ്ങളില്‍ നിന്ന് ഉറപ്പിക്കാനാകും. കാര്യമായ മാറ്റങ്ങള്‍ ഇല്ലെന്ന് പ്രാഥമികമായി തോന്നുമെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ ഒട്ടേറെ മാറ്റങ്ങള്‍ കാണാം. മുന്‍വശത്താണ് ആദ്യമായി വലിയ മാറ്റങ്ങള്‍ തോന്നുന്നത്. ഹെഡ്ലാംപിനു മുകളിലായി പുതിയ ചെറിയ തരത്തിലെ വിന്‍ഡ്ഷീല്‍ഡ് കയറിക്കൂടി. ഫോര്‍ക്കുകള്‍ പൂര്‍ണമായി മറയ്ക്കാന്‍ പുതിയ ഗെയ്റ്ററുകള്‍ കയറിപ്പറ്റി. മറ്റനേകം മാറ്റങ്ങളുണ്ടെങ്കിലും കൂടുതല്‍ മാറ്റങ്ങള്‍ സൗന്ദര്യവല്‍ക്കരണത്തിലും കാഴ്ചയിലുമാണ്.

വാഹനത്തിന്റെ സൈഡ് കൗളുകള്‍, ടെയ്ല്‍ ലാംപ് മറയ്ക്കുന്ന ക്ലസ്റ്റര്‍ എന്നിവ പൂര്‍ണമായി പുതുക്കി നിര്‍മിച്ചു. എന്‍ജിനു താഴെ എക്‌സ്‌ഹോസ്റ്റ് മറയുന്ന വിധത്തില്‍ഒരു ഘടകമുണ്ട്. ഗ്രാബ് റെയില്‍ പുതുതായി. കാഴ്ചയില്‍ മാത്രമല്ല പ്രാക്ടിക്കലായും കൂടുതല്‍ മികവ് ഈ ഭാഗത്തിനു കൈവന്നു.

മെക്കാനിക്കലായി വാഹനത്തിന് പുതിയ 4 വാല്‍വ് എന്‍ജിന്‍ ഉണ്ടാകുമെന്ന് വേണം കരുതാന്‍. കൂടുതല്‍ വലുപ്പമുള്ള ഓയില്‍ കൂളര്‍ സംവിധാനവും ഇത് വ്യക്തമാക്കുന്നു. പുതിയ പെയിന്റ് സ്‌കീമുകള്‍, നിരപ്പും സൗകര്യപ്രദവുമായ സീറ്റ് എന്നിവയും വാഹനത്തിലുണ്ട്. പരസ്യ ചിത്രീകരണം ആരംഭിച്ചതിനാല്‍ വാഹനത്തിന്റെ അനാവരണം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 200സിസി ബിഎസ് 6, 4 വാല്‍വ് ഓയില്‍ കൂള്‍ഡ് എന്‍ജിന്‍ ഉയര്‍ന്ന വേഗതയിലും ആയാസമില്ലാത്ത സമ്മര്‍ദ രഹിത യാത്ര സമ്മാനിക്കും. 19.1 എച്ച്പി പരമാവധി കരുത്തും 17.35 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്റെ പ്രത്യേകത.

Leave A Reply