സീതാ രാമം ഒരു പ്രണയ കഥ മാത്രമല്ലെന്ന് നടന്‍ പ്രഭാസ്

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാ രാമം ഒരു പ്രണയ കഥ മാത്രമല്ലെന്നും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും നടന്‍ പ്രഭാസ്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഈവന്റിലായിരുന്നു താരത്തിന്റെ പ്രതികരണം. ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പ്രഭാസിന് ആദ്യ ടിക്കറ്റും കൈമാറിയിരുന്നു.

സിനിമയുടെ ട്രെയിലര്‍ അസാധാരണമായി തോന്നുന്നു. രാജ്യത്തെ ഏറ്റവും സുന്ദരനായ നായകന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍. ഒരു സൂപ്പര്‍ സ്റ്റാറാണ് അദ്ദേഹം. ‘മഹാനടി’ എത്ര മികച്ച ചിത്രമാണ്. ദുല്‍ഖറിന്റെയും മൃണാലിന്റെയും പ്രകടനത്തെ പുകഴ്ത്തുകയാണ് എല്ലാവരും. എനിക്ക് സിനിമ കാണണമെന്നേയുള്ളൂ. ഇത്രയും പാഷനും വമ്പന്‍ ബഡ്ജറ്റുമായി ഒരു സിനിമ നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രണയകഥയ്ക്കൊപ്പം ഒരു യുദ്ധ സീക്വന്‍സും ചിത്രത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നു. ഇതൊരു പ്രണയകഥ മാത്രമല്ല, സിനിമയില്‍ മറ്റ് ഘടകങ്ങളുണ്ട്. ഹാനു രാഘവപുഡിയുടെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം മനോഹരമായ ഒരു സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമ കവിത പോലെയാണ്. ഇന്‍ഡസ്ട്രിയില്‍ നമുക്കുള്ള ഏറ്റവും മനോഹരമായ സംവിധായകരില്‍ ഒരാളാണ് അദ്ദേഹം – പ്രഭാസ് പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ പ്രണയ ജോഡി ആയി മൃണാല്‍ തക്കൂര്‍ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തില്‍ രശ്മിക മന്ദാനയുമുണ്ട്. പ്രണയകഥകളുടെ മാസ്റ്റര്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്ന സിനിമയുടെ കീഴില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

Leave A Reply