ചിമ്മിനി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; കുറുമാലി പുഴക്കരയിലുള്ളവര്‍ മാറിത്താമസിക്കണം

തൃശൂർ: ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യത. നിലവില്‍ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിന് മുകളിലാണ്. ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ കുറുമാലി പുഴയുടെ തീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം.

അതേസമയം, തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകളില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ജലം ഒഴുകിവരികയാണ്. നിലവില്‍ 13000 ക്യുസെക്‌സ് വെള്ളമാണ് പറമ്പിക്കുളത്തു നിന്നും ഡാമിലേക്ക് എത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുക കൂടി ചെയ്തതോടെ പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന് കൂടുതല്‍ ജലം തുറന്നുവിടേണ്ട സാഹചര്യമാണ്. ഡാം കൂടുതല്‍ തുറക്കുന്നതോടെ ചാലക്കുടി പുഴയില്‍ ഒന്നര മീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. അതോടൊപ്പം വേലിയേറ്റ സമയം ആവുന്ന പക്ഷം കടലിലേക്ക് വെള്ളം ഒഴുകിപ്പോവാതിരിക്കാനുള്ള സാധ്യതയുമുണ്ട്.

Leave A Reply