തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. 2 ജില്ലകളിൽ മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ ആന്ധ്രപ്രദേശിനും വടക്കൻ തമിഴ്‌നാടിനും സമീപത്തായി മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാ‍തച്ചുഴി നിലനിൽക്കുന്നതിനാൽ, ഞായറാഴ്ച വരെ കേരളത്തിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്.

പത്തനംതിട്ട ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കി. ജനങ്ങള്‍ സുരക്ഷിതമായ ക്യാംപുകളിലേക്കു മാറണം. റാന്നിയില്‍ പലയിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. കുടമുട്ടി റോഡ് തകര്‍ന്നു. പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. അറയാഞ്ഞിലിമണ്‍ കോസ്വേ മുങ്ങി. പന്തളത്ത് കരിങ്ങാലി പാടത്ത് വെള്ളമുയര്‍ന്നു, നാഥനടി, ചെറുമല ഭാഗങ്ങളില്‍ ജാഗ്രത. മൂഴിയാറില്‍ മലവെള്ളത്തില്‍ തടിപിടിക്കാന്‍ ചാടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണിമലയാറ്റിലും ജലനിരപ്പുയരുകയാണ്.

പറമ്പിക്കുളം ഡാമിൽനിന്നുള്ള നീരൊഴുക്ക് കൂടിയതിനാൽ പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നാം ഷട്ടർ തുറന്നു. മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിലേക്ക് നീരൊഴുക്ക് കൂടി.

Leave A Reply