തുടർച്ചയായ അഞ്ചാം വർഷവും ദുരിതാശ്വാസ ക്യാംപിലെ അതിഥി ‘നാരായണൻ’ പൂവൻകോഴി

അയർക്കുന്നം ∙ പുന്നത്തുറ സെന്റ് ജോസഫ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ ചെന്നു ‘നാരായണാ’ എന്നു വിളിച്ചാൽ ഉടൻ വരും മറുപടി ‘ കൊക്കരക്കോ..!’ പതിവു തെറ്റിക്കാതെ തുടർച്ചയായ അഞ്ചാം വർഷവും ദുരിതാശ്വാസ ക്യാംപിലെ അതിഥിയാണു ‘നാരായണൻ’ എന്ന പൂവൻകോഴി. പുന്നത്തുറ പുന്നില്ലംതറയിൽ അന്നക്കുട്ടിയുടെ (80) കോഴിയാണു നാരായണൻ. ഇരുവരും തമ്മിലുള്ള സൗഹൃദം രസകരമാണ്.

അന്നക്കുട്ടിയും മകൾ അമ്മിണിയും പുന്നത്തുറ കമ്പനിക്കടവിലാണ് താമസം. കട്ടക്കളത്തിൽ തൊഴിലാളിയാണ് അമ്മിണി. ഭർത്താവ് നേരത്തേ മരിച്ചു. അമ്മയ്ക്കു കൂട്ടായി പാലായിലെ ഫാമിൽ നിന്ന് 6 വർഷം മുൻപ് വാങ്ങിയതാണ് പൂവൻകോഴിയെ. നാരായണൻ എന്നു പേരിട്ടു.  അന്നക്കുട്ടിയും നാരായണനും പെട്ടെന്നു കൂട്ടായി. രാവിലെ വീടിനകത്തു കയറി അന്നക്കുട്ടിയുടെ കട്ടിലിന് അടുത്തെത്തി കൂകിയുണർത്തുന്നത് നാരായണനാണ്.

ഒരു ദിവസം  അന്നക്കുട്ടി  പനി പിടിച്ചുകിടപ്പിലായി. അന്നക്കുട്ടി എഴുന്നേറ്റു വരാത്തതിനാൽ  നാരായണനും ആ ഒരു ദിവസം മുഴുവൻ കൊത്തിത്തിന്നാതെയും ചിക്കിച്ചികയാതെയും നിന്നു. മറ്റുള്ളവർ സ്നേഹം നടിച്ച് അടുത്തെത്തിയാൽ കൊത്തും. സ്നേഹം അന്നക്കുട്ടിയോടു മാത്രം.

മഴക്കാലത്ത് എല്ലാവർഷവും അന്നക്കുട്ടിയും മകളും ദുരിതാശ്വാസ ക്യാംപിലാണ് അഭയം തേടുന്നത്. ഇന്നലെ അഗ്നിരക്ഷാസേന എത്തിയാണ് അന്നക്കുട്ടിയെയും നാരായണനെയും ക്യാംപിലേക്കു മാറ്റിയത്. കരുനാട്ടുകവലയിലെ ഓട്ടോ ഡ്രൈവർ സോമനാണ് നാരായണന്റെ മറ്റൊരു സുഹൃത്ത്. കാരണം എല്ലാ വർഷവും ഇവരെ  ക്യാംപിൽ എത്തിക്കുന്നത് സോമന്റെ ഓട്ടോറിക്ഷയിലാണ്.

Leave A Reply