ശബരിമലയുടെ വികസനത്തിന്‌ സഹായകമായ പദ്ധതിയായിട്ടും കേന്ദ്രം വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറായില്ല

ജനങ്ങൾ വർഷങ്ങളായി മുറവിളി കൂട്ടുന്ന അങ്കമാലി–-ശബരി റെയിൽപ്പാതക്ക്‌ പാരയായത്‌ കേന്ദ്രസർക്കാർ തീരുമാനങ്ങളും മുൻ യുഡിഎഫ്‌ സർക്കാരുകളുടെ അനാസ്ഥയുമാണ് . കേന്ദ്ര റെയിൽമന്ത്രി അശ്വിനി കുമാർ വൈഷ്‌ണവ്‌ കഴിഞ്ഞദിവസം രാജ്യസഭയിൽ നൽകിയ മറുപടിതന്നെ അതിന്‌ തെളിവാണ് .

ഭൂമി ഏറ്റെടുക്കുന്നതിലും 50 ശതമാനം ചെലവ്‌ വഹിക്കുന്നതിലും സംസ്ഥാനം വീഴ്‌ച വരുത്തിയെന്നാണ്‌ മന്ത്രിയുടെ കുറ്റപ്പെടുത്തൽ. ജെബി മേത്തറിന്റെ ചോദ്യത്തിന്‌ നൽകിയ മറുപടിയിലാണ്‌ കേന്ദ്രമന്ത്രി സംസ്ഥാനസർക്കാരിനെ കുറ്റപ്പെടുത്തി തലയൂരാൻ ശ്രമിച്ചത്‌.

എൽഡിഎഫ്‌ സർക്കാറിന്റെ കാലത്ത്‌ 1997ലാണ്‌ 116 കിലോമീറ്റർ അങ്കമാലി–-ശബരിപാത പദ്ധതിക്ക്‌ കേന്ദ്രാനുമതിയായത്‌. 550 കോടി ചെലവ്‌ കണക്കാക്കി പ്രാരംഭജോലികളും തുടങ്ങി. തുടർന്നുവന്ന യുഡിഎഫ്‌ സർക്കാർ 2002 ഓടെ 70 കിലോമീറ്ററിന്റെ അങ്കമാലി–-രാമപുരം സർവേ മാത്രം പൂർത്തിയാക്കി.

എന്നാൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ 416 ഹെക്‌ടർ ഭൂമി ഏറ്റെടുക്കൽ നടപ്പായില്ല. 2006ൽ എൽഡിഎഫ്‌ സർക്കാർ ഭൂമി ഏറ്റെടുക്കലിന്‌ രണ്ടു സ്‌പെഷ്യൽ തഹസിൽദാർമാരെ നിയോഗിച്ചു. 24.4 ഹെക്‌ടർ ഭൂമി ഏറ്റെടുത്ത് റെയിൽവേക്ക്‌ കൈമാറി. കാലടിയിൽ പ്ലാറ്റ്‌ഫോമും സ്‌റ്റേഷനും നിർമിച്ചു.

ഇതിനിടെ, പ്രധാനമന്ത്രിയുടെ പ്രഗതി സ്‌കീമിൽ ഉൾപ്പെട്ട ശബരി പാത നിർമാണത്തിന്റെ പകുതി ചെലവ്‌ സംസ്ഥാനം വഹിക്കണമെന്ന വിചിത്ര നിർദേശം ബിജെപി സർക്കാർ അവതരിപ്പിച്ചു. ഭൂമി ഏറ്റെടുക്കാനുള്ള 719 കോടി ഉൾപ്പെടെ പദ്ധതി ചെലവ്‌ 1566 കോടിയായെന്ന ന്യായവും പറഞ്ഞു.

നാലുവർഷം കേന്ദ്ര നിർദേശത്തിൽ മൗനംപാലിച്ച ഉമ്മൻചാണ്ടി സർക്കാർ അധികാരം വിടുന്നതിന്‌ തൊട്ടുമുമ്പ്‌ 2015 നവംബറിൽ അതംഗീകരിച്ച്‌ ധാരണപത്രത്തിൽ ഒപ്പിട്ടു. തുടർന്നുവന്ന എൽഡിഎഫ്‌ സർക്കാർ കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു.

ദേശീയ തീർഥാടനകേന്ദ്രമായ ശബരിമലയുടെ വികസനത്തിന്‌ സഹായകമായ പദ്ധതിയായിട്ടും കേന്ദ്രം വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറായില്ല. പ്രഗതി സ്‌കീമിൽ മറ്റു സംസ്ഥാനങ്ങളിൽ വിമാനത്താവളനിർമാണംവരെ കേന്ദ്രം ഏറ്റെടുക്കുമ്പോഴാണ്‌ ഇവിടെ വിവേചനം കാണിക്കുന്നത് .

ഇതിനിടെ പദ്ധതി ചെലവ്‌ 3448 കോടിയായി ഉയർന്നു . കേന്ദ്രം പിടിവാശി തുടരുന്നതിനിടെ തീർഥാടകരുടെ താൽപ്പര്യം കണക്കിലെടുത്ത്‌ പാതയുടെ പകുതി ചെലവ്‌ വഹിക്കാൻ 2021ൽ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കിഫ്‌ബിയിലൂടെ ഈ പണം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഇത്രയുമായിട്ടും പദ്ധതി വൈകുന്നതിൽ പഴി മുഴുവൻ പിണറായി സർക്കാരിനും . അരി തിന്നതും പോരാ ആശാരിയെ കടിച്ചതും പോരാ പിന്നെയും നായ്ക്കാ മുറുമുറുപ്പെന്ന് പറയുന്നതുപോലെയാണ് കേന്ദ്ര സർക്കാരിന്റെ വെളിപ്പെടുത്തൽ .

Video Link
Leave A Reply